ഓപ്പറേഷന്‍ ഡൊമിനോ: അന്തര്‍സംസ്ഥാന കൊക്കെയ്ന്‍ ശൃംഖല തകര്‍ത്ത് എന്‍.സി.ബി; വിദേശികളടക്കം ഏഴ് പേര്‍ പിടിയില്‍

ഓപ്പറേഷന്‍ ഡൊമിനോ: അന്തര്‍സംസ്ഥാന കൊക്കെയ്ന്‍ ശൃംഖല തകര്‍ത്ത് എന്‍.സി.ബി; വിദേശികളടക്കം ഏഴ് പേര്‍ പിടിയില്‍

കൊച്ചി: യുഎഇയില്‍ നിന്ന് നാടുകടത്തപ്പെട്ട മലയാളി സംഘവും വിദേശികളും ചേര്‍ന്ന് നടത്തിയിരുന്ന വന്‍ അന്തര്‍ സംസ്ഥാന കൊക്കെയ്ന്‍ കടത്ത് ശൃംഖലയെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കൊച്ചി സോണല്‍ യൂണിറ്റ് തകര്‍ത്തു. ഓപ്പറേഷന്‍ ഡൊമിനോ എന്ന പേരില്‍ നടത്തിയ വിപുലമായ പരിശോധനയില്‍ വിദേശികളടക്കം ഏഴ് പേര്‍ എന്‍.സി.ബിയുടെ പിടിയിലായി. വിപണിയില്‍ ഏകദേശം 16,55,000 രൂപ വിലമതിക്കുന്ന 33.1 ഗ്രാം കൊക്കെയ്ന്‍ അന്വേഷണ സംഘം ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

മുന്‍പ് മയക്കുമരുന്ന് കേസുകളില്‍പ്പെട്ട് യുഎഇയില്‍ തടവുശിക്ഷ അനുഭവിച്ച ശേഷം ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ടവരെ കേന്ദ്രീകരിച്ച് എന്‍.സി.ബി നടത്തിവന്ന ശക്തമായ നിരീക്ഷണമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഇതിന്റെ തുടര്‍ച്ചയായി സെപ്റ്റംബര്‍ 10 ന് കോഴിക്കോട് ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍വെച്ച് പഞ്ചാബ് സ്വദേശി ഗുര്‍പ്രീത് സിങ്, കോഴിക്കോട് സ്വദേശികളായ ഹംദാന്‍ അഹമ്മദ്, അഫ്‌ലഹ് പി. എന്നിവരെ 8.12 ഗ്രാം കൊക്കെയ്‌നുമായി എന്‍.സി.ബി പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ ലഹരി വസ്തുക്കള്‍ എത്തിച്ചതെന്ന് വ്യക്തമായി.

ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്നേ ദിവസം തന്നെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന റിസോര്‍ട്ട് ഉടമ സിദ്ധാര്‍ഥ് ദാമോറിനെ എന്‍.സി.ബി കസ്റ്റഡിയിലെടുത്തു. കേരളത്തിലെ ഡി.ജെ പാര്‍ട്ടികളില്‍ സജീവ സാന്നിധ്യമായിരുന്ന ഇയാളെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ബംഗളൂരുവില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി അരുണ്‍ രാജ്കുമാറാണ് ലഹരി വിതരണത്തിലെ പ്രധാന കണ്ണിയെന്ന് കണ്ടെത്തിയത്. വിദേശികളില്‍ നിന്ന് നേരിട്ട് കൊക്കെയ്ന്‍ ശേഖരിച്ച് മറ്റ് ലഹരി കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും എത്തിച്ച് നല്‍കിയിരുന്നത് അരുണായിരുന്നു.

അരുണില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ബംഗളൂരു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സെപ്റ്റംബര്‍ 12, 13 തിയതികളിലായി രണ്ട് വിദേശികളെക്കൂടി എന്‍.സി.ബി സംഘം അറസ്റ്റ് ചെയ്തു. മെഡിക്കല്‍ അറ്റന്‍ഡന്റ് വിസയിലെത്തി കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്ത് അനധികൃതമായി തങ്ങിയിരുന്ന നൈജീരിയന്‍ പൗരയായ ചിസോബ ഹെലന്‍ ആന്റണിയില്‍ നിന്ന് 16 ഗ്രാം കൊക്കെയ്‌നും, സ്റ്റുഡന്റ് വിസയിലെത്തി രണ്ട് വര്‍ഷമായി അനധികൃതമായി കഴിഞ്ഞിരുന്ന സിംബാബ്വെ പൗരന്‍ മുഫുകാരെ വിറ്റാലിസ് തദിസ്വനാഷെയില്‍ നിന്ന് 8.98 ഗ്രാം കൊക്കെയ്‌നും അന്വേഷണ സംഘം കണ്ടെടുത്തു.

പ്രതികളായ സിദ്ധാര്‍ഥ് ദാമോര്‍, ഹംദാന്‍ അഹമ്മദ്, അഫ്‌ലഹ് എന്നിവര്‍ മുന്‍പ് യുഎഇയില്‍ വെച്ച് ലഹരിക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കവെയാണ് പരിചയപ്പെട്ടത്. വിടുതലായ ശേഷം നാട്ടിലെത്തിയ ഇവര്‍ ഗുര്‍പ്രീതുമായി ചേര്‍ന്ന് പുതിയൊരു ലഹരി ശൃംഖല ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ ശൃംഖലയിലെ ബാക്കി കണ്ണികളെ കൂടി കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് എന്‍.സി.ബി വ്യക്തമാക്കി. പൊതുജനങ്ങള്‍ക്ക് ലഹരിക്കടത്ത് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനായി മാനസ് (MANAS) ടോള്‍ ഫ്രീ നമ്പറായ 1933 ലഭ്യമാണെന്നും വിവരങ്ങള്‍ നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും എന്‍.സി.ബി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.