ഉധംപുര്‍: ജമ്മു കാശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാസേന നടത്തിയ ഓപ്പറേഷന്‍ സോഹന്‍ എന്ന് പേരിട്ട സംയുക്ത രാത്രികാല ദൗത്യത്തില്‍ രണ്ട് ഭീകരരെ വധിച്ചു. ഉധംപുരിലെ ബ്രട്ടാല്‍ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം, ജമ്മു കാശ്മീര്‍ പൊലീസ്, സിആര്‍പിഎഫ് എന്നിവര്‍ ചേര്‍ന്നാണ് ബുധനാഴ്ച രാത്രിയോടെ പ്രദേശം വളഞ്ഞ് തിരച്ചില്‍ ആരംഭിച്ചത്.
തിരച്ചിലിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. രാത്രി മുഴുവന്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനിടയില്‍ കനത്ത സ്‌ഫോടന ശബ്ദങ്ങളും വെടിയൊച്ചകളും കേട്ടിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയോടെ ഭീകരര്‍ വീണ്ടും വെടിയുതിര്‍ത്തപ്പോള്‍ സുരക്ഷാസേന ശക്തമായി തിരിച്ചടിക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥയും കനത്ത മഴയും ദുഷ്‌കരമായ ഭൂപ്രകൃതിയും മറികടന്ന് സുരക്ഷാസേന നടപ്പിലാക്കിയ ദൗത്യത്തിനൊടുവിലാണ് ഭീകരരെ വധിക്കാനായത്. രണ്ട് ഭീകരര്‍ കൊല്ലപ്പെട്ട വിവരം സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍പ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും വന്‍ തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഇവര്‍ക്ക് പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. അതേസമയം കൊല്ലപ്പെട്ടവരുടെ വ്യക്തി വിവരങ്ങളോ സംഘടനാ ബന്ധമോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടോ എന്നറിയാന്‍ സുരക്ഷാസേന നിരീക്ഷണവും പരിശോധനയും തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.