അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുന്‍ ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്ക് നാല് വര്‍ഷം തടവും പിഴയും; ജയിലിലേക്ക് മാറ്റിയേക്കും

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുന്‍ ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്ക് നാല് വര്‍ഷം തടവും പിഴയും; ജയിലിലേക്ക് മാറ്റിയേക്കും

കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിക്ക് നാല് വര്‍ഷത്തെ തടവും 30,84,892 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം എന്‍ക്വയറി കമ്മിഷണര്‍ ആന്‍ഡ് സ്‌പെഷ്യല്‍ ജഡ്ജ് കെ.വി രജനീഷാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. മൂന്ന് വര്‍ഷത്തില്‍ കൂടുതലാണ് തടവുശിക്ഷ എന്നതിനാല്‍ സ്വാഭാവികമായും ജയിലിലേക്ക് പോകേണ്ടി വരുന്ന സാഹചര്യത്തില്‍ തച്ചങ്കരിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം.

കേസില്‍ മുന്‍ ഡി.ജി.പി കുറ്റക്കാരനാണെന്ന് വിജിലന്‍സ് കോടതി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.കെ ശ്രീകാന്ത് കോടതിയില്‍ ഹാജരായി.

സര്‍വീസിലിരിക്കെ വരുമാനത്തിന് നിരക്കാത്തവിധം വീടുകളും ഫ്‌ളാറ്റുകളും വസ്തു വകകളും സമ്പാദിച്ചെന്നുകാട്ടി ബോബി കുരുവിള നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്. 2003 ജനുവരി മുതല്‍ 2007 ജൂലൈ വരെയുള്ള കാലയളവില്‍ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികള്‍. പരിശോധനാ കാലയളവില്‍ വരവില്‍ക്കവിഞ്ഞ് 135.80 ശതമാനം സ്വത്ത് സമ്പാദിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തച്ചങ്കരിക്ക് ലഭിച്ച വരവുകള്‍ക്ക് കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് വിജിലന്‍സ് നിയമ നടപടികളിലേക്ക് കടന്നത്.

2007 ല്‍ അദേഹം ഡി.ഐ.ജിയായിരിക്കെ ആരംഭിച്ച അന്വേഷണത്തിന് ശേഷം 2013 ലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതി വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. സ്വത്തുവകകള്‍ കുടുംബ വിഹിതമായും ഇഷ്ടദാനമായും ലഭിച്ചതാണെന്നും കേസ് ഒഴിവാക്കണമെന്നും കാട്ടി തച്ചങ്കരി നല്‍കിയ വിടുതല്‍ ഹര്‍ജി കുറ്റപത്രം നിലനില്‍ക്കുമെന്ന് വ്യക്തമാക്കി കോടതി നേരത്തെ തള്ളിക്കളഞ്ഞിരുന്നു.

പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് ആഭ്യന്തര വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി അടക്കം വിസ്തരിച്ചപ്പോള്‍, പ്രതിഭാഗത്തിന് വേണ്ടി മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി, മുന്‍ അഡീഷണല്‍ ഡി.ജി.പി, ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍, തച്ചങ്കരിയുടെ സഹോദരി എന്നിവരാണ് സാക്ഷികളായി എത്തിയിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.