ഹൂതികളെ തടയാന്‍ ഇറാനോട് ചൈന; ആവശ്യം സൗദിയുടെ അഭ്യര്‍ത്ഥന മാനിച്ചെന്ന് റിപ്പോര്‍ട്ട്

ഹൂതികളെ തടയാന്‍ ഇറാനോട് ചൈന; ആവശ്യം സൗദിയുടെ അഭ്യര്‍ത്ഥന മാനിച്ചെന്ന് റിപ്പോര്‍ട്ട്

ബെയ്ജിങ്: സൗദി അറേബ്യയ്ക്ക് നേരെ യമനിലെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇറാന്‍ തങ്ങളുടെ സ്വാധീനം ഉപയോഗിക്കണമെന്ന് ചൈന ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സൗദി ചൈനയുടെ സഹായം ആവശ്യപ്പെട്ടിരുന്നു.

ഹൂതികള്‍ ചെങ്കടല്‍ തീരത്തും ബാബ് അല്‍ മന്ദേബ് കടലിടുക്കിന് സമീപവും ശക്തമായ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ചൈനയോട് സൗദി സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഹൂതി ആക്രമണം സൗദിയുടെ എണ്ണ കയറ്റുമതിയെയും ഷിപ്പിങ്ങിനെയും സാരമായി ബാധിച്ചിട്ടുണ്ട്.

ചൈന ആശ്രയിക്കുന്ന ഊര്‍ജ്ജ പാതകളിലേക്ക് സംഘര്‍ഷം വ്യാപിക്കുന്നത് തടയണം എന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് ചൈനീസ് ഭരണകൂടം ഇറാന്റെ ഇടപെടല്‍ തേടിയത്. എന്നാല്‍ പ്രാദേശികമായ സ്ഥിരതയും സമാധാനവും പുലരണമെങ്കില്‍ ഇറാനുമേല്‍ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങള്‍ അവസാനിക്കണമെന്നാണ് ഇറാന്‍ നല്‍കിയ മറുപടിയെന്നാണ് വിവരം.

സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന നടപടികള്‍ അവസാനിപ്പിക്കണം. ചര്‍ച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ചൈനീസ് ഇടപെടിലിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ സൗദിയും ഇറാനും തയ്യാറായിട്ടില്ല.

ഒരു പതിറ്റാണ്ടിലേറെ ഇറാന്റെ എണ്ണ വാങ്ങുന്ന പ്രധാനപ്പെട്ട വ്യാപാര പങ്കാളിയാണ് ചൈന. അതിനാല്‍ ഹൂതികളുടെ ആക്രമണങ്ങളെ നിയന്ത്രിക്കാനായി ഇറാനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ കഴിയുന്ന രാജ്യങ്ങളില്‍ ഒന്ന് ചൈനയാണെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.