ഷെയ്ഖുപുര: പാകിസ്ഥാനിൽ ക്രൈസ്തവ വിശ്വാസികൾക്കും പെൺകുട്ടികൾക്കും നേരെ വീണ്ടും അതിക്രമം. പള്ളിയിലേക്ക് പോകുകയായിരുന്ന പെൺകുട്ടികളെ തടയുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നത് ചോദ്യം ചെയ്ത 17 വയസുകാരനായ ക്രൈസ്തവ യുവാവിനെ ഒരു സംഘം ആൾക്കാർ വളഞ്ഞിട്ട് ക്രൂരമായി മർദിച്ചു.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഷെയ്ഖുപുര ജില്ലയിലെ നസ്രത്ത് കോളനിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ഇഖ്ലാഖ് മസീഹ് എന്ന കത്തോലിക്കാ യുവാവാണ് ഈ അതിക്രമത്തിന് ഇരയായത്.
പ്രാദേശികമായി സ്വാധീനമുള്ള അലി ഷായും സുഹൃത്തുക്കളും ചേർന്ന് ഞായറാഴ്ചകളിൽ ആരാധനയ്ക്കായി പള്ളിയിലേക്ക് പോകുന്ന ക്രൈസ്തവ പെൺകുട്ടികളെ സ്ഥിരമായി പരിഹസിക്കുകയും പിന്തുടർന്ന് ശല്യപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 16-ന് ഇത്തരത്തിൽ അതിക്രമം നേരിട്ട പെൺകുട്ടിക്ക് പിന്തുണയുമായി ഇഖ്ലാഖ് രംഗത്തു വരികയും അക്രമികളുടെ പ്രവൃത്തിയെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ഇഖ്ലാഖിന് നേരെ വംശീയവും മതപരവുമായ അധിക്ഷേപ വാക്കുകൾ ഉപയോഗിച്ച് സംഘം തട്ടിക്കയറുകയായിരുന്നു.
അവിടെനിന്ന് താൽകാലികമായി മടങ്ങിയ അലി ഷായും സംഘവും, പിന്നീട് ഇഖ്ലാഖ് ഒറ്റയ്ക്കാകുന്ന സമയം നോക്കി കരുതിക്കൂട്ടി ആക്രമിക്കുകയായിരുന്നു.
തോക്കുകളും ഇരുമ്പ് വടികളും മോട്ടോർ സൈക്കിൾ ചെയിനുകളുമായി എത്തിയ സംഘം അദേഹത്തെ മൃഗീയമായി മർദ്ദിച്ചു. മർദനമേറ്റ് ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായ ഇഖ്ലാഖിനെ പിന്നീട് ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദേഹത്തിന്റെ ശരീരത്തിലുടനീളം ഗുരുതരമായ പരിക്കുകൾ പറ്റിയിട്ടുണ്ട്.
ഈ സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രതികളുടെ പ്രാദേശിക സ്വാധീനം കാരണം അവർക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുമോയെന്ന ആശങ്കയിലാണ് ഇഖ്ലാഖിന്റെ കുടുംബം. കൂടാതെ കേസ് പിൻവലിച്ചില്ലെങ്കിൽ ഇഖ്ലാഖിനെ വധിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ക്രൈസ്തവർക്ക് പാകിസ്ഥാനിൽ നേരിടേണ്ടി വരുന്ന അരക്ഷിതാവസ്ഥയാണ് ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നത്. ആക്രമണത്തിൽ ഉൾപ്പെട്ട പ്രതികൾക്ക് നിയമപരമായി അർഹമായ കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് പ്രദേശത്തെ ക്രൈസ്തവ സമൂഹവും മനുഷ്യാവകാശ പ്രവർത്തകരും ശക്തമായി ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.