വാഷിങ്ടണ്‍: ഇറാനെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കി അമേരിക്കയും ഇസ്രയേലും രംഗത്തെത്തിയതോടെ പശ്ചിമേഷ്യന്‍ മേഖലയില്‍ വീണ്ടും പ്രതിസന്ധി രൂക്ഷമാകുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇറാന്‍ ഭരണകൂടത്തെ പൂര്‍ണമായി തകര്‍ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഉടന്‍ തന്നെ അന്തിമ തീരുമാനമെടുക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനില്‍ നിന്നുള്ള എണ്ണക്കയറ്റുമതി തടയുന്നതിനായി അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം പൂര്‍ണ വിജയമാണെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം ഇറാന്‍ സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രംഗത്തെത്തി. വരാനിരിക്കുന്ന ഇസ്രയേല്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ സംസാരിക്കവെ, ഇറാനെയും അതിനൊപ്പം ഹിസ്ബുള്ളയെയും ഹമാസിനെയും പൂര്‍ണമായി നശിപ്പിക്കുമെന്ന ഭീഷണിയാണ് നെതന്യാഹു മുഴക്കിയത്.
മറുവശത്ത് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പ്രകോപനപരമായ ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കിലൂടെ അനധികൃതമായി കടന്നുപോകാന്‍ ശ്രമിച്ച ടോഗോ പതാകയുള്ള എണ്ണക്കപ്പലിന് നേരെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് വെളിപ്പെടുത്തി. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ നിലവില്‍ പ്രവര്‍ത്തന രഹിതമായിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെ അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലും സമാനമായ ആക്രമണം നേരിടേണ്ടി വരുമെന്ന് ഐആര്‍ജിസി ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.
ഇതിനിടെ ഫെബ്രുവരിയില്‍ ഇറാനിലേക്ക് അമേരിക്ക നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള യു.എന്‍ സമിതിയുടെ റിപ്പോര്‍ട്ടിനെ അമേരിക്ക ശക്തമായി എതിര്‍ത്തു. യുദ്ധത്തിന്റെ ആദ്യ ദിനം മിനാബിലെ ഒരു സ്‌കൂളിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ 168 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് യുദ്ധക്കുറ്റമായി കണക്കാക്കാമെന്ന യു.എന്‍ സമിതിയുടെ വിലയിരുത്തല്‍ അസംബന്ധമാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.