റിപ്പോര്‍ട്ടര്‍ ടി.വിയ്ക്കും ആന്റോ അഗസ്റ്റിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സാബു ജേക്കബ്; കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത്

റിപ്പോര്‍ട്ടര്‍ ടി.വിയ്ക്കും ആന്റോ അഗസ്റ്റിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സാബു ജേക്കബ്; കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത്

കൊച്ചി: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിനെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി ട്വന്റി-20 പ്രസിഡന്റും എന്‍.ഡി.എ ഘടകകക്ഷി നേതാവുമായ സാബു എം. ജേക്കബ് രംഗത്ത്. ആന്റോ അഗസ്റ്റിനെ ചെറിയ മീനായി കാണരുതെന്നും വലിയ തിമിംഗിലമാണെന്നും വിശേഷിപ്പിച്ച അദേഹം, വയനാട്ടിലെ സ്വത്തുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പുകളും ലൈസന്‍സില്ലാത്ത ചാനല്‍ പ്രവര്‍ത്തനവും അടിയന്തരമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.

വയനാട്ടിലെ വീടും ഭൂമിയുമായി ബന്ധപ്പെട്ട് നടന്ന ലേല നടപടികളില്‍ വലിയ ദുരൂഹതയുണ്ടെന്നും ഒരേ സ്വത്ത് ഈടുകാണിച്ച് മൂന്ന് വ്യത്യസ്ത ബാങ്കുകളില്‍ നിന്ന് കോടികളുടെ വായ്പ തട്ടിയെടുത്തിട്ടുണ്ടെന്നും സാബു ജേക്കബ് ആരോപിക്കുന്നു. തട്ടിപ്പ് പുറത്തറിയുമെന്ന ഘട്ടത്തില്‍ പണമടച്ച് രക്ഷപ്പെടുകയാണ് ഇയാള്‍ ചെയ്തത്. വില്ലേജ് തലം മുതല്‍ ഉന്നതോദ്യോഗസ്ഥര്‍ വരെയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും പ്രമുഖരുമായും ആന്റോയ്ക്ക് ശക്തമായ സ്വാധീനം ഉള്ളതിനാല്‍ സാധാരണ അന്വേഷണങ്ങളില്‍ നിന്നും ഇയാള്‍ രക്ഷപ്പെടുന്നുവെന്നും അദേഹം കുറ്റപ്പെടുത്തി.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ നിലവിലുള്ള പ്രവര്‍ത്തനം നിയമ വിരുദ്ധമാണെന്നാണ് സാബുവിന്റെ മറ്റൊരു പ്രധാന ആരോപണം. ആവശ്യമായ ബ്രോഡ്കാസ്റ്റിങ് ലൈസന്‍സോ നാഷണല്‍ സെക്യൂരിറ്റി ക്ലിയറന്‍സോ ഇല്ലാതെയാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ചാനല്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍പ് നികേഷ് കുമാറിന് ലഭിച്ചിരുന്ന ലൈസന്‍സിന്റെ മറവിലാണ് ഈ പ്രവര്‍ത്തനം നടക്കുന്നതെന്നും ഇതിന് യാതൊരു നിയമസാധുതയുമില്ലെന്നും അദേഹം ചൂണ്ടിക്കാട്ടുന്നു.

പ്രക്ഷേപണ മന്ത്രാലയത്തിന്റെയും സര്‍ക്കാരുകളുടെയും അടിയന്തര ഇടപെടല്‍ അനിവാര്യമായ ഈ വിഷയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിചാരിച്ചാല്‍ 24 മണിക്കൂറിനകം പൂട്ടിയിടാവുന്നതേയുള്ളൂ എന്നും അദേഹം ഓര്‍മ്മിപ്പിച്ചു.

നിലവിലുള്ള എസ്.ഐ.ടി അന്വേഷണം കൊണ്ടോ, മുന്‍പ് രജിസ്റ്റര്‍ ചെയ്ത് എങ്ങുമെത്താതെ പോയ ഇ.ഡി കേസുകള്‍ കൊണ്ടോ ആന്റോ അഗസ്റ്റിനെതിരെ കര്‍ശന നടപടി ഉറപ്പാക്കാനാകില്ല. അതിനാല്‍ പ്രധാനമന്ത്രിയുടെയോ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയോ നേരിട്ടുള്ള നിയന്ത്രണത്തിലും നിരീക്ഷണത്തിലും സി.ബി.ഐയോ ഇ.ഡിയെയോ ഉപയോഗിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.

ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് നവംബര്‍ 23 നകം വിഷയത്തില്‍ നടപടിയെടുക്കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത്തരം തട്ടിപ്പുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ താന്‍ മുന്‍പന്തിയില്‍ത്തന്നെ ഉണ്ടാകുമെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.