മേഖലയില്‍ യുദ്ധഭീതി: സൗദിയുടെ രക്ഷയ്ക്ക് ഒപ്പമുണ്ടാകുമെന്ന് പാകിസ്ഥാന്‍; മക്ക കരാര്‍ നടപ്പാക്കാന്‍ സന്നദ്ധം

മേഖലയില്‍ യുദ്ധഭീതി: സൗദിയുടെ രക്ഷയ്ക്ക് ഒപ്പമുണ്ടാകുമെന്ന് പാകിസ്ഥാന്‍; മക്ക കരാര്‍ നടപ്പാക്കാന്‍ സന്നദ്ധം

ഇസ്ലമാബാദ്: യമനിലെ ഹൂതി വിമതരും സൗദി അറേബ്യയും തമ്മിലുള്ള സൈനിക നീക്കങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ സൗദിക്ക് ശക്തമായ പ്രതിരോധ പിന്തുണ പ്രഖ്യാപിച്ച് പാകിസ്ഥാന്‍. ഓഗസ്റ്റ് ഏഴിന് സൗദി അറേബ്യ, തുര്‍ക്കി എന്നിവരുമായി ചേര്‍ന്ന് ഒപ്പുവെച്ച സുപ്രധാനമായ മക്ക പ്രതിരോധ കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഒരു മാധ്യമ അഭിമുഖത്തില്‍ അറിയിച്ചു.

പ്രമുഖ അന്താരാഷ്ട്ര പ്രതിരോധ കൂട്ടായ്മയായ നാറ്റോയുടെ ആര്‍ട്ടിക്കിള്‍ 5 മാതൃകയിലാണ് ഈ കരാര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇത് അനുസരിച്ച് കരാറിലുള്ള ഏതെങ്കിലും ഒരു രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കോ അതിര്‍ത്തിക്കോ നേര്‍ക്കുണ്ടാകുന്ന കടന്നുകയറ്റം മറ്റ് അംഗ രാജ്യങ്ങള്‍ക്ക് നേര്‍ക്കുള്ള ആക്രമണമായി കണക്കാക്കി സംയുക്ത പ്രതിരോധം തീര്‍ക്കും.

ഹൂതികളുടെ ഭീഷണി ചെറുക്കാന്‍ സൗദി അറേബ്യ ഇസ്രയേലിന്റെ സഹായം തേടിയെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് പാകിസ്ഥാന്റെ ഈ നിലപാട് പുറത്ത് വരുന്നത്. സംഘര്‍ഷങ്ങള്‍ അയയ്ക്കാന്‍ നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സൗദിയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാന്‍ പാകിസ്ഥാന്‍ മുന്നിലുണ്ടാകുമെന്ന ഉറപ്പ് അദേഹം നല്‍കിയിട്ടുണ്ട്. മക്കയുടെ സംരക്ഷണം കരാറുകള്‍ക്കുമപ്പുറം തങ്ങളുടെ ആത്മീയമായ ബാധ്യതയാണെന്നും പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം സൗദി അറേബ്യ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പൂര്‍ണമായി തള്ളിക്കളഞ്ഞുകൊണ്ട് ഹൂതി വിഭാഗവും രംഗത്തെത്തി. മക്കയെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഇസ്ലാമിക വിശുദ്ധ കേന്ദ്രങ്ങളെ ആക്രമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലുമില്ലെന്നും അവര്‍ വ്യക്തമാക്കി. തങ്ങള്‍ക്കെതിരെ കള്ള പ്രചാരണങ്ങള്‍ അഴിച്ചുവിട്ട് ലോകശ്രദ്ധ തിരിച്ചുവിടാനാണ് സൗദി ഭരണകൂടം ശ്രമിക്കുന്നതെന്നും ഹൂതി വക്താക്കള്‍ ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.