ആണ്‍കുട്ടികളുടെ മുടിവെട്ടല്‍ നിര്‍ബന്ധമാക്കാനാകില്ല: സ്‌കൂളുകള്‍ക്ക് ബാലാവകാശ കമ്മീഷന്റെ മൂക്കുകയര്‍

ആണ്‍കുട്ടികളുടെ മുടിവെട്ടല്‍ നിര്‍ബന്ധമാക്കാനാകില്ല: സ്‌കൂളുകള്‍ക്ക് ബാലാവകാശ കമ്മീഷന്റെ മൂക്കുകയര്‍

തിരുവനന്തപുരം: ആണ്‍കുട്ടികള്‍ മുടി നീട്ടി വളര്‍ത്തുന്നതിനെ ചൊല്ലി വിദ്യാലയങ്ങളില്‍ നിലനില്‍ക്കുന്ന കര്‍ശന നിയന്ത്രണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും തടയിട്ട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍. പെണ്‍കുട്ടികളെപ്പോലെ തന്നെ ആണ്‍കുട്ടികള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികള്‍ക്കും സ്വന്തം ഇഷ്ടപ്രകാരം മുടി വളര്‍ത്താന്‍ പൂര്‍ണ അവകാശമുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

സൗന്ദര്യസംരക്ഷണത്തിനോ വ്യക്തിപരമായ സ്വാതന്ത്ര്യത്തിനോ വേണ്ടി മുടി വളര്‍ത്തുന്ന കുട്ടികളെ കുറ്റവാളികളെപ്പോലെ ചിത്രീകരിക്കാനോ, ക്ലാസിന് പുറത്താക്കാനോ, മാനസികമായി വേട്ടയാടാനോ സ്‌കൂള്‍ അധികൃതര്‍ക്ക് അധികാരമില്ലെന്ന് കമ്മീഷന്‍ അംഗം പി. ഷാജേഷ് ഭാസ്‌കര്‍ ഓര്‍മ്മിപ്പിച്ചു.

വിദ്യാര്‍ഥികളുടെ വസ്ത്രധാരണത്തെയും ബാഹ്യരൂപത്തെയും അളക്കുന്നതിനേക്കാള്‍ അവരുടെ വ്യക്തിത്വവികാസത്തിനും പഠന മികവിനുമാണ് അധ്യാപകരും സ്‌കൂള്‍ മാനേജ്മെന്റും ഊന്നല്‍ നല്‍കേണ്ടത്. അതേസമയം സ്വാതന്ത്ര്യത്തിനൊപ്പം വ്യക്തമായ സുരക്ഷിതത്വവും ശുചിത്വവും പാലിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ബാധ്യതയുണ്ടെന്നും ഉത്തരവില്‍ പറയുന്നു. മുഖവും കണ്ണുകളും മറയുന്ന രീതിയില്‍ മുടിയിടാന്‍ പാടില്ല. കായിക മത്സരങ്ങള്‍, സയന്‍സ് ലാബ് പരീക്ഷണങ്ങള്‍, പ്രാക്ടിക്കല്‍ ക്ലാസുകള്‍ എന്നിവയില്‍ പങ്കെടുക്കുമ്പോള്‍ സുരക്ഷ മുന്‍നിര്‍ത്തി മുടി കെട്ടിവെക്കുകയോ ഹെയര്‍ ബാന്‍ഡ് ഉപയോഗിക്കുകയോ വേണം. എന്നാല്‍ മുടിക്ക് നിറം നല്‍കുന്നതും ആരോഗ്യത്തിന് ഹാനികരമായ കെമിക്കലുകള്‍ ഉപയോഗിക്കുന്നതും പ്രോത്സാഹിപ്പിക്കാനാകില്ല. കൂടാതെ ലിംഗനിര്‍ണയം നടത്തിയിട്ടില്ലാത്ത കുട്ടികള്‍ക്ക് അവരുടെ താല്‍പര്യത്തിന് അനുസരിച്ച് ഡ്രസ് കോഡ് തിരഞ്ഞെടുക്കാനും മുടി പരിപാലിക്കാനുമുള്ള അവകാശം ഉറപ്പാക്കിയിട്ടുണ്ട്.

നിലവില്‍ ഈ വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെയോ സിബിഎസ്ഇയുടെയോ കൃത്യമായ നിയമങ്ങളില്ലാത്തത് ആശയക്കുഴപ്പത്തിന് കാരണമാകുന്നുണ്ടെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. അതിനാല്‍ കുട്ടികളുടെ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കുകയും അവരുടെ ഭാഗം കൂടി കേട്ട ശേഷം അടിയന്തിരമായി ഏകീകൃത മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും വേണം. 45 ദിവസത്തിനകം ഇത് സംബന്ധിച്ച നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചു.

നീളത്തില്‍ മുടിവളര്‍ത്തുന്ന കുട്ടികളെ വിദ്യാലയങ്ങളില്‍ ഒറ്റപ്പെടുത്തുന്നുവെന്ന് കാണിച്ച് രാമനാട്ടുകര സ്വദേശി ഇന്ദുമേനോന്‍ നല്‍കിയ പരാതിയും മുടി വെട്ടാത്ത പതിനൊന്നാം ക്ലാസുകാരനെതിരെ നടപടി തേടി കോട്ടക്കല്‍ സേക്രഡ് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സമര്‍പ്പിച്ച ഹര്‍ജിയും വിശദമായി പരിശോധിച്ച ശേഷമാണ് കമ്മീഷന്റെ ഈ സുപ്രധാനമായ വിധി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.