'മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം'; വ്യാജ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു

'മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം'; വ്യാജ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ രണ്ടാം വിവാഹം കഴിച്ചെന്ന വ്യാജ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ആന്റോയ്ക്കും തിരിച്ചറിയാത്ത രണ്ടു പേര്‍ക്കുമെതിരെയാണ് സൈബര്‍ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാജു പി.നായര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കര്‍ണാടകയിലെ ബൈന്തൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്തതായുള്ള വ്യാജ രേഖയുമായി രണ്ട് യുവാക്കള്‍ തന്നെ സമീപിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടല്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ആരോപിച്ചിരുന്നു.

കോടികള്‍ വിലയുള്ള വാര്‍ത്തയെന്നു പറഞ്ഞാണ് അവര്‍ സമീപിച്ചത്. വാര്‍ത്ത നല്‍കാന്‍ ഉദ്ദേശിച്ചാണ് അവര്‍ എത്തിയതെങ്കിലും ആധികാരികത ബോധ്യപ്പെടാത്തതിനാല്‍ വാര്‍ത്ത നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മുഖ്യമന്ത്രിക്ക് എതിരെ വ്യാജരേഖകള്‍ ഉണ്ടാക്കി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇതു സംബന്ധിച്ച് രാജു പി. നായര്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലുള്ളത്. ആന്റോ അഗസ്റ്റിന്റെ കൈവശമുള്ള രേഖകള്‍ പിടിച്ചെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യാജരേഖ ചമച്ച് കളവായ ആരോപണങ്ങളുന്നയിക്കുന്നത് സംശുദ്ധമായ രാഷ്ട്രീയ ജീവിതം നയിക്കുന്ന വി.ഡി സതീശന്റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തി മാനഹാനി വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ്. സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും യുവാക്കളെ കണ്ടെത്തണമെന്നും ആന്റോ അഗസ്റ്റിന്റെ കൈവശമുണ്ടെന്ന് പറയപ്പെടുന്ന രേഖകള്‍ കണ്ടെടുക്കണമെന്നും ഡിജിപിക്ക് അയച്ച പരാതിയില്‍ ആവശ്യപ്പെടുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.