രോഗികളെ ആത്മഹത്യ ചെയ്യാൻ സഹായിക്കേണ്ടതില്ല; കത്തോലിക്കാ സഭയ്ക്ക് ദയാവധ നിയമത്തിൽ നിന്ന് താൽക്കാലിക ഇളവ് നൽകി യുഎസ് ഫെഡറൽ കോടതി

രോഗികളെ ആത്മഹത്യ ചെയ്യാൻ സഹായിക്കേണ്ടതില്ല; കത്തോലിക്കാ സഭയ്ക്ക് ദയാവധ നിയമത്തിൽ നിന്ന് താൽക്കാലിക ഇളവ് നൽകി യുഎസ് ഫെഡറൽ കോടതി

ചിക്കാഗോ: രോഗികളെ ആത്മഹത്യ ചെയ്യാൻ സഹായിക്കുന്ന വിവാദ നിയമത്തിൽ നിന്ന് കത്തോലിക്കാ സഭയ്ക്ക് താൽക്കാലിക ഇളവ് അനുവദിച്ച് യുഎസിലെ ഫെഡറൽ കോടതി ഉത്തരവിട്ടു. ഇല്ലിനോയി സംസ്ഥാനത്ത് നടപ്പിലാക്കിയ ദയാവധ നിയമത്തിൽ നിന്നാണ് ചിക്കാഗോ അതിരൂപതയ്ക്കും രണ്ട് കത്തോലിക്കാ സന്യാസിനി സമൂഹങ്ങൾക്കും കോടതി താൽക്കാലിക ഒഴിവ് അനുവദിച്ചത്.

പ്രായം ചെന്നവരെയും ആലംബഹീനരെയും സംരക്ഷിക്കുന്ന 'കാർമലൈറ്റ് സിസ്റ്റേഴ്‌സ് ഫോർ ദി ഏജ്ഡ് ആൻഡ് ഇൻഫേം', 'ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് ദി പുവർ' എന്നീ സന്യാസിനി സമൂഹങ്ങളും ചിക്കാഗോ അതിരൂപതയും സംയുക്തമായി നൽകിയ ഹർജിയിലാണ് ഈ നിർണായക ഉത്തരവ്. കത്തോലിക്കാ ഹർജിക്കാർക്കെതിരെ നിയമം നടപ്പിലാക്കുന്നതിൽ നിന്ന് ഫെഡറൽ ജഡ്ജി ഫ്രാങ്ക്‌ലിൻ വാൽഡർമാർ സംസ്ഥാനത്തിന് താൽക്കാലിക വിലക്കേർപ്പെടുത്തുകയായിരുന്നു.

രോഗികളെ ആത്മഹത്യയ്ക്ക് സഹായിക്കാൻ കത്തോലിക്കാ സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും നിർബന്ധിതരാകുന്നത് തങ്ങളുടെ മതവിശ്വാസത്തിനും സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാണിച്ചു.

കത്തോലിക്കാ ആരോഗ്യ പ്രവർത്തകരെ അവരുടെ മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ സംസ്ഥാനം നിർബന്ധിക്കുന്നത് തടയാനാണ് ഈ നിയമപോരാട്ടമെന്ന് ചിക്കാഗോ ആർച്ചുബിഷപ് ബ്ലേസ് സുപിച് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിയമം ബാധകമായിരിക്കുമെങ്കിലും, ഹർജിക്കാർക്കെതിരെ നടപടിയെടുക്കാൻ സാധിക്കില്ല.

2025 ഡിസംബറിൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമപ്രകാരം, ഗുരുതര രോഗബാധിതരായ വ്യക്തികൾക്ക് ഡോക്ടർമാരുടെ സഹായത്തോടെ ആത്മഹത്യയ്ക്കുള്ള മരുന്ന് സ്വീകരിക്കാൻ അനുവാദമുണ്ട്. ഇതിനെതിരെയാണ് കത്തോലിക്കാ സഭയും മറ്റ് സംഘടനകളും നിയമപോരാട്ടത്തിന് ഇറങ്ങിയത്. സ്പ്രിങ്ഫീൽഡ് രൂപത നൽകിയ സമാനമായ മറ്റൊരു കേസും ഫെഡറൽ കോടതിയുടെ പരിഗണനയിലുണ്ട്.

ഏതായാലും ദരിദ്രർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും ചിക്കാഗോ അതിരൂപതയും സന്യാസിനി സമൂഹങ്ങളും വർഷങ്ങളായി നൽകിവരുന്ന കാരുണ്യ ശുശ്രൂഷകളും സേവനങ്ങളും ഒരു തടസ്സവുമില്ലാതെ തുടരാൻ ഈ കോടതി വിധി ഏറെ ആശ്വാസകരമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.