യു.എസ് ജനപ്രതിനിധി സഭയില്‍ ട്രംപിന് തിരിച്ചടി: ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പ്രമേയം പാസാക്കി; ഇംപീച്ച്മെന്റ് നീക്കം പരാജയപ്പെട്ടു

യു.എസ് ജനപ്രതിനിധി സഭയില്‍ ട്രംപിന് തിരിച്ചടി: ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പ്രമേയം പാസാക്കി; ഇംപീച്ച്മെന്റ് നീക്കം പരാജയപ്പെട്ടു

വാഷിങ്ടണ്‍: ഇറാനിലെ സൈനിക നടപടികള്‍ അവസാനിപ്പിച്ച് സേനയെ തിരിച്ചുവിളിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെടുന്ന നിര്‍ണായക പ്രമേയം യു.എസ് ജനപ്രതിനിധി സഭ പാസാക്കി. ഇടക്കാല തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ ഭരണകൂടത്തിനെതിരെയുണ്ടായ ഈ നീക്കം ട്രംപിന് കനത്ത രാഷ്ട്രീയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ജനപ്രതിനിധി സഭയില്‍ ഭരണപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഏഴ് അംഗങ്ങള്‍ സ്വന്തം പാര്‍ട്ടിയുടെ നിലപാട് തള്ളി പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തതാണ് പ്രസിഡന്റിന് തിരിച്ചടിയായത്. കടുത്ത മത്സരം നടക്കുന്ന സീറ്റുകളെ പ്രതിനിധീകരിക്കുന്ന പ്രതിനിധികളാണ് ട്രംപിന്റെ നയത്തിനെതിരെ വോട്ട് ചെയ്തത് എന്നതും ശ്രദ്ധേയമാണ്.

ഇറാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍മാരുടെ പിന്തുണയോടെ സഭ പ്രമേയം പാസാക്കുന്നത് ഇത് മൂന്നാം തവണയാണ്. മുന്‍പ് നടന്ന വോട്ടെടുപ്പുകളില്‍ നാല് റിപ്പബ്ലിക്കന്‍ പ്രതിനിധികളുടെ പിന്തുണ മാത്രമാണ് പ്രമേയത്തിന് ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ എതിര്‍പ്പ് കൂടുതല്‍ ശക്തമാകുകയായിരുന്നു. തനിക്കെതിരെ വോട്ട് ചെയ്ത സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ ട്രംപ് പരസ്യമായി രംഗത്തെത്തിയിട്ടുമുണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന വോട്ടെടുപ്പുകളില്‍ ഒന്നായതിനാല്‍ ഡെമോക്രാറ്റുകളെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു രാഷ്ട്രീയ വിജയമാണ്.

ജനപ്രതിനിധി സഭയില്‍ പാസായെങ്കിലും സെനറ്റില്‍ പ്രമേയത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. ഇതിന് മുന്‍പും ട്രംപിന്റെ സൈനിക അധികാരങ്ങളെ നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ സെനറ്റില്‍ എത്തിയെങ്കിലും വൈറ്റ് ഹൗസിന്റെ ശക്തമായ സമ്മര്‍ദ്ദം കാരണം റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ വോട്ട് മാറ്റി പ്രമേയം തള്ളുകയായിരുന്നു. ഈ ആഴ്ച അവസാനത്തോടെ സെനറ്റിലും പ്രമേയം പാസാക്കിയെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി.

അതേസമയം യു.എസ് ഭരണകൂടത്തിന്റെ നാടുകടത്തല്‍ നയങ്ങളുടെ പേരില്‍ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം ജനപ്രതിനിധി സഭ തടഞ്ഞു. ട്രംപിനെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങളും അധികാര ദുരുപയോഗവും ആരോപിച്ചുകൊണ്ട് ഡെമോക്രാറ്റുകളിലെ ഒരു വിഭാഗം കൊണ്ടുവന്ന ഇംപീച്ച്മെന്റ് പ്രമേയം 232-147 എന്ന വോട്ടുകള്‍ക്കാണ് സഭ തള്ളിയത്. പ്രമുഖ ഡെമോക്രാറ്റിക് നേതാക്കള്‍ അടക്കം 47 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും 18 ഡെമോക്രാറ്റ് അംഗങ്ങള്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്യുകയും ചെയ്തതോടെയാണ് ഇംപീച്ച്മെന്റ് നീക്കം പൂര്‍ണമായും പാളിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.