ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ 100 ശതമാനം വരെ ഉയര്‍ന്ന തീരുവ ചുമത്താന്‍ ലക്ഷ്യമിട്ട് യു.എസ് ജനപ്രതിനിധി സഭ ഉപരോധ ബില്‍ പാസാക്കിയ സാഹചര്യത്തില്‍ ശക്തമായ നിലപാടുമായി ഇന്ത്യ. രാജ്യത്തിന്റെ വ്യാപാര, സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
റഷ്യന്‍ എണ്ണയുടെ പ്രധാന ഇറക്കുമതിക്കാരായ ഇന്ത്യ, ചൈന, സ്ലോവാക്യ, ഹംഗറി, അസര്‍ബൈജാന്‍ എന്നി അഞ്ച് രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ചുമത്താന്‍ ട്രംപ് ഭരണകൂടത്തിന് അധികാരം നല്‍കുന്ന ബില്ലാണ് 159 നെതിരെ 262 വോട്ടുകള്‍ക്ക് യു.എസ് ജനപ്രതിനിധി സഭ പാസാക്കിയത്. യുഎസിലെ നിയമനിര്‍മാണ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിഷയത്തിലെ തുടര്‍ സംഭവ വികാസങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
140 കോടി വരുന്ന ഇന്ത്യന്‍ ജനതയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യം പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്. മാറിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര വിപണി സാഹചര്യങ്ങള്‍ക്ക് അനുസരിച്ചും വൈവിധ്യമാര്‍ന്ന സ്രോതസുകള്‍ ഉപയോഗപ്പെടുത്തിയും ഇത് തുടര്‍ന്നും നിര്‍വഹിക്കും. യു.എസ് നടപടി ഉഭയകക്ഷി ബന്ധത്തിലും അന്താരാഷ്ട്ര ഊര്‍ജ്ജ വിപണിയിലും ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കഴിഞ്ഞ മാസങ്ങളില്‍ അമേരിക്കന്‍ പ്രതിനിധികളുമായി നടന്ന ചര്‍ച്ചകളില്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ നീക്കം ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ നേരിടാന്‍ ഇന്ത്യയിലെ വ്യാപാര, വ്യവസായ സംഘടനകളുമായി ചേര്‍ന്ന് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.