കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ വിവരങ്ങള്‍ പൊലീസിന് കൈമാറും; കേന്ദ്രത്തിന്റെ നിലപാടില്‍ തീരുമാനം കടുപ്പിച്ച് മെറ്റ

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ വിവരങ്ങള്‍ പൊലീസിന് കൈമാറും; കേന്ദ്രത്തിന്റെ നിലപാടില്‍ തീരുമാനം കടുപ്പിച്ച് മെറ്റ

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്ന ചിത്രങ്ങളും ലൈംഗിക ചൂഷണ ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവരെ കുടുക്കാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാരും മെറ്റയും. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്നവരുടെ വിവരങ്ങള്‍ ഇനി മുതല്‍ പൊലീസിനും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും കൈമാറുമെന്ന് മെറ്റ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ഉയര്‍ന്നതല ചര്‍ച്ചകള്‍ക്കൊടുവിലാണ് സുപ്രധാന ധാരണയിലെത്തിയത്.

ഓണ്‍ലൈനില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണങ്ങള്‍ തടയുന്നതില്‍ വലിയൊരു ചുവടുവയ്പ്പാണിത്. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം കുട്ടികളെ ബാധിക്കുന്ന ലൈംഗിക ദൃശ്യങ്ങള്‍ സിഎസ്ഇഎഎം പരിധിയിലാണ് വരുന്നത്. ഐടി നിയമത്തിലെ 67 (ബി) വകുപ്പ് പ്രകാരവും പോക്‌സോ നിയമ പ്രകാരവും ഇത്തരം ദൃശ്യങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കാത്ത ഒരു പ്ലാറ്റ്ഫോമിനെയും രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡീപ്‌ഫേക്കുകളും കുട്ടികളുടെ ദൃശ്യങ്ങളും അടങ്ങിയ ഉള്ളടക്കങ്ങള്‍ വേഗത്തില്‍ നീക്കം ചെയ്യാന്‍ മെറ്റയ്ക്ക് സര്‍ക്കാര്‍ നേരത്തെ നോട്ടീസ് നല്‍കുകയും കമ്പനിയുടെ ആഗോള മേധാവികളെ വിളിച്ച് വരുത്തുകയും ചെയ്തിരുന്നു.

ഇന്‍സ്റ്റാഗ്രാമിലെ ചില പണമടച്ചുള്ള പരസ്യങ്ങള്‍ വഴി കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകളില്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. തുടര്‍ന്ന് നോട്ടീസ് ലഭിച്ച മെറ്റ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും മറ്റ് ഉന്നത പ്രതിനിധികളും കമ്മിഷന്‍ ഓഫീസിലെത്തി നേരിട്ട് വിശദീകരണം നല്‍കുകയും ചെയ്തു.

ഇതിനുപുറമേ ഈ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കി. പോക്‌സോ നിയമപ്രകാരം കമ്പനികള്‍ പാലിക്കേണ്ട റിപ്പോര്‍ട്ടിങ് ബാധ്യതകള്‍ മെറ്റ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും നിര്‍ദേശമുണ്ട്. ഡിജിറ്റല്‍ ഇടങ്ങള്‍ കുട്ടികള്‍ക്ക് പൂര്‍ണമായി സുരക്ഷിതമാക്കുന്നതിനുള്ള ആദ്യപടിയാണിതെന്നും ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.