വിദേശ പൗരന്മാരെ റഷ്യ വിളിക്കുന്നു; സൈന്യത്തില്‍ ചേര്‍ന്നാല്‍ 16 ലക്ഷം രൂപ ശമ്പളം

വിദേശ പൗരന്മാരെ റഷ്യ വിളിക്കുന്നു; സൈന്യത്തില്‍ ചേര്‍ന്നാല്‍ 16 ലക്ഷം രൂപ ശമ്പളം

മോസ്‌കോ: ഉക്രെയ്‌നുമായുള്ള യുദ്ധത്തിന് വിദേശ പൗരന്മാരെ വലിയ തുക നല്‍കി സ്വന്തമാക്കാനൊരുങ്ങി റഷ്യ. സൈന്യത്തില്‍ ചേരുന്ന ഓരോ വിദേശ പൗരനും മാസം 15 ലക്ഷം റൂബിള്‍, അതായത് ഏകദേശം 16 ലക്ഷം രൂപ വരെയാണ് ഓഫര്‍. റഷ്യയുടെ സ്വതന്ത്ര മാധ്യമമായ 'ദി കീവ് ഇന്‍ഡിപെന്‍ഡന്റ്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

റഷ്യയിലെ ഇര്‍കുട്‌സ്‌ക് മേഖലയാണ് സൈന്യത്തില്‍ ചേരുന്നതിനായി വിദേശ പൗരന്മാര്‍ക്ക് വലിയ ശമ്പളത്തോടെയുള്ള അവസരം നല്‍കുന്നത്. വിദേശ പൗരന്മാരെ റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി ഒരു റഷ്യന്‍ മേഖല വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിതെന്നാണ് റിപ്പോര്‍ട്ട്. ഗവര്‍ണര്‍ ഇഗോര്‍ കോബ്‌സെവ് ഈ ആഴ്ച ആദ്യം ഒപ്പുവച്ച ഉത്തരവിലൂടെയാണ് പുതിയ സാമ്പത്തിക ആനുകൂല്യം പ്രഖ്യാപിച്ചത്.

ഉക്രെയ്‌നുമായുള്ള യുദ്ധത്തിന് സൈനികരുടെ ആവശ്യം വര്‍ധിച്ചതോടെയാണ് പുതിയ നീക്കം. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില്‍ നിന്നുളള ആളുകളെ സൈന്യത്തില്‍ ഉള്‍പ്പെടുത്തി സൈനിക ശേഷി വര്‍ധിപ്പിക്കാന്‍ റഷ്യ ശ്രമിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നതിനിടെയാണ് സാമ്പത്തിക ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടും ശ്രദ്ധേയമാകുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉക്രെയ്‌ന് നേരേയുള്ള വ്യോമാക്രമണം റഷ്യ ശക്തമാക്കിയിട്ടുണ്ട്. ബാലിസ്റ്റിക് മിസൈലുകളും ജെറ്റ് എന്‍ജിന്‍ ഉപയോഗിച്ച ഡ്രോണുകളും ഉള്‍പ്പെടെ വിവിധ ആയുധങ്ങളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ ഉപയോഗിച്ചത്. പോളണ്ട് അതിര്‍ത്തിക്ക് സമീപമുള്ള പ്രദേശങ്ങളിലും റഷ്യന്‍ ആക്രമണങ്ങള്‍ ഉണ്ടായതായി ഉക്രെയ്ന്‍ അറിയിച്ചു.

അതേസമയം, റഷ്യയുടെ എണ്ണ വ്യവസായ മേഖലകളില്‍ ആക്രമണം നടത്തുന്നത് ഉക്രെയ്ന്‍ തുടരുകയാണ്. റഷ്യയിലെ ഡീസല്‍ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം ആക്രമണങ്ങള്‍ ആഗോള ഇന്ധന ക്ഷാമത്തിന് കാരണമാകുന്നുവെന്നും ട്രംപ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.