മണിപ്പൂരില്‍ വീണ്ടും ആക്രമണം; കുക്കി-സോ വിഭാഗത്തില്‍പ്പെട്ട നാല് പേര്‍ കൊല്ലപ്പെട്ടു: മരിച്ചവരില്‍ ഗര്‍ഭിണിയും

 മണിപ്പൂരില്‍ വീണ്ടും ആക്രമണം; കുക്കി-സോ വിഭാഗത്തില്‍പ്പെട്ട നാല് പേര്‍ കൊല്ലപ്പെട്ടു: മരിച്ചവരില്‍ ഗര്‍ഭിണിയും

നാഗാ വിമത ഗ്രൂപ്പുകളാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്ന് കുക്കി-സോ സംഘടനകള്‍ ആരോപിച്ചു.

ഇംഫാല്‍: മണിപ്പൂരിലെ രണ്ട് ഗ്രാമങ്ങളില്‍ ഞായറാഴ്ചയുണ്ടായ വ്യത്യസ്ത ആക്രമണങ്ങളില്‍ കുക്കി-സോ വിഭാഗത്തില്‍പ്പെട്ട നാല് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. തമെങ്ലോങ് ജില്ലയിലെ ടോള്ളന്‍ ഗ്രാമത്തിലാണ് ആദ്യ ആക്രമണം നടന്നത്.

പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ സെയ്നെഹ് സിംഗ്‌സിറ്റ്, ഭാര്യ ലിങ്‌സംഗായ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ആറ് വയസുള്ള മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കുട്ടിയുടെ ശരീരത്തില്‍ വെടിയുണ്ട തറച്ചിരിപ്പുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലിങ്‌സംഗായ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഭര്‍ത്താവ് സെയ്നെഹ് സിംഗ്‌സിറ്റ് ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരണപ്പെട്ടത്. ഈ ആക്രമണം നടന്നത് സുരക്ഷാ സേന നിലയുറപ്പിച്ച സ്ഥലത്ത് നിന്നും ഏതാനും മീറ്ററുകള്‍ മാത്രം അകലെയാണെന്നത് വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് കുക്കി നേതാക്കള്‍ പറഞ്ഞു.

ഇതിനു പിന്നാലെയാണ് നോനി ജില്ലയിലെ ലോങ്പി ഗ്രാമത്തില്‍ രണ്ടാമത്തെ ആക്രമണമുണ്ടായത്. അരി കൊണ്ടുപോവുകയായിരുന്ന രണ്ട് പേര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇതില്‍ ജൂലി ഗാങ്‌തെ, താംഗ്രോയല്‍ ഗാങ്‌തെ എന്നിവര്‍ സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെട്ടു.

ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയെ ആക്രമികള്‍ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നത്. ഈ അതിക്രമങ്ങള്‍ക്ക് പിന്നില്‍ നാഗാ വിമത ഗ്രൂപ്പുകളാണെന്ന് കുക്കി-സോ സംഘടനകള്‍ ആരോപിച്ചു.

1990 കളിലെ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരെയും കുടിയൊഴിപ്പിക്കപ്പെട്ടവരെയും അനുസ്മരിച്ച് കുക്കി സമൂഹം 'കറുത്ത ദിനം' ആചരിച്ച ദിവസമാണ് ആക്രമണമുണ്ടായത്. കുക്കി ജനതയ്ക്കെതിരായ ഭീകരാക്രമണമാണ് നടന്നതെന്ന് വെസ്റ്റേണ്‍ വില്ലേജേഴ്‌സ് വോളന്റിയേഴ്‌സ് ആരോപിച്ചു. ഗ്രാമങ്ങളില്‍ മതിയായ കേന്ദ്രസേനാ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും അക്രമികളെ ഉടന്‍ പിടികൂടണമെന്നും സംഘടന ആവശ്യപ്പെട്ടു.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല ബന്ദ് ആരംഭിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിന് പിന്നില്‍ നാഗ വിഘടന വാദികളാണെന്നും ആരോപണമുണ്ട്.

ആക്രമണത്തില്‍ ഉള്‍പ്പെട്ടവരെ 24 മണിക്കൂറിനകം കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി യുമ്‌നം ഖേംചന്ദ് സിംഗ് നിരന്തരം അഭ്യര്‍ത്ഥിക്കുകയും സമാധാന ശ്രമങ്ങളുടെ ഭാഗമായി കുക്കി-സോ, നാഗാ നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും മണിപ്പൂരില്‍ അക്രമ സംഭവങ്ങള്‍ തുടരുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.