ന്യൂഡല്‍ഹി: ഒമാന്‍ തീരത്ത് പനാമ പതാകയേന്തിയ എം.ടി എല്‍ ഗായാ എന്ന എണ്ണക്കപ്പലിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കപ്പലില്‍ ഉണ്ടായിരുന്ന 14 ഇന്ത്യന്‍ ജീവനക്കാരില്‍ 13 പേരെയും ഒമാന്‍ അധികൃതരുടെ സഹായത്തോടെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. കാണാതായ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരനായി ഒമാനിലെ ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. അടിയന്തര ഘട്ടത്തില്‍ മികച്ച പിന്തുണ നല്‍കിയ ഒമാന്‍ ഭരണകൂടത്തിന് ഇന്ത്യ നന്ദി അറിയിച്ചു.
മേഖലയില്‍ അനുദിനം രൂക്ഷമാകുന്ന സംഘര്‍ഷങ്ങളില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. സമാധാനം പുനസ്ഥാപിക്കാന്‍ അടിയന്തരമായി നയതന്ത്ര ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട വിദേശകാര്യ മന്ത്രാലയം, അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള ചരക്ക് നീക്കത്തിനും നാവികര്‍ക്കും നേരെയുണ്ടാകുന്ന കടന്നാക്രമണങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര വ്യാപാര പാതകളുടെ സുരക്ഷ അടിയന്തരമായി ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
മേഖലയില്‍ ഭീതി ഇരട്ടിയാക്കിക്കൊണ്ട് ഹോര്‍മുസ് കടലിടുക്കിലെ ഖ്വേഷം ദ്വീപിന് സമീപം ഇറാനിയന്‍ ചരക്കുകപ്പലിന് നേരെയും ആക്രമണമുണ്ടായി. പ്രൊജക്റ്റൈല്‍ പതിച്ച് തീപിടിച്ച കപ്പലില്‍ ഉണ്ടായിരുന്ന ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി യു.കെ മാര്‍ക്കറ്റൈം ട്രേഡ് ഓപ്പറേഷന്‍സും പ്രാദേശിക മാധ്യമങ്ങളും സ്ഥിരീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.