തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒക്ടോബര്‍ മുതല്‍ അടുത്ത വര്‍ഷം മെയ് വരെ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നിയന്ത്രണങ്ങളോടെ അനുമതി നല്‍കി. യൂണിറ്റിന് ശരാശരി 10.40 രൂപ നിരക്കിലും പരമാവധി 12.50 രൂപ വരെയുമുള്ള ഹ്രസ്വകാല കരാറുകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്.
പുതിയ കരാറുകള്‍ പ്രകാരം ഒക്ടോബര്‍ മുതലാണ് വൈദ്യുതി ലഭിച്ച് തുടങ്ങുക എന്നതിനാല്‍ സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി നിയന്ത്രണങ്ങള്‍ ഉടന്‍ ഒഴിവാകില്ല.
വൈദ്യുതി വാങ്ങുന്നതിനായി കെ.എസ്.ഇ.ബി സമര്‍പ്പിച്ച മുഴുവന്‍ കരാറുകള്‍ക്കും കമ്മിഷന്‍ അംഗീകാരം നല്‍കിയിട്ടില്ല. 83.5 കോടി യൂണിറ്റ് വൈദ്യുതി 749.72 കോടി രൂപയ്ക്ക് വാങ്ങാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതില്‍ 34.64 കോടി യൂണിറ്റ് വൈദ്യുതി 347.79 കോടി രൂപയ്ക്ക് വാങ്ങാനുള്ള കരാറുകള്‍ക്ക് മാത്രമാണ് കമ്മിഷന്‍ അനുമതി നല്‍കിയത്. പകല്‍ സമയങ്ങളില്‍ നിലവില്‍ വൈദ്യുതി മിച്ചമുള്ളതിനാലും വില അമിതമായതിനാലും 24 മണിക്കൂറും തുടര്‍ച്ചയായി വന്‍വില നല്‍കി വൈദ്യുതി വാങ്ങാനുള്ള കരാറുകള്‍ കമ്മിഷന്‍ തള്ളുകയായിരുന്നു. ഇത്രയും ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ അനുമതി നല്‍കിയത് ഒരു കീഴ്വഴക്കമാക്കരുതെന്നും കമ്മിഷന്‍ വ്യക്തമാക്കി.
മാത്രമല്ല ഈ മാസം ഇനി പുതിയതായി വൈദ്യുതി വാങ്ങേണ്ടതില്ലെന്നും കമ്മിഷന്‍ ഉത്തരവിട്ടു. രാത്രികാലങ്ങളില്‍ നിലവില്‍ ലഭിക്കുന്ന കുറഞ്ഞ അളവിലുള്ള വൈദ്യുതികൊണ്ട് പ്രയോജനമില്ലെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം. ഡിസംബര്‍ മാസത്തില്‍ സംസ്ഥാനത്തെ സാഹചര്യം വീണ്ടും വിലയിരുത്തി കെ.എസ്.ഇ.ബി റിപ്പോര്‍ട്ട് നല്‍കണമെന്നും തുടര്‍ന്നുള്ള വൈദ്യുതി വാങ്ങള്‍ അപ്പോള്‍ തീരുമാനിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം രാത്രിയിലെ വൈദ്യുതി വിതരണം ക്രമീകരിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. നിയന്ത്രണത്തിന്റെ ഭാഗമായി ഒരു ഫീഡറോ ട്രാന്‍സ്‌ഫോര്‍മറോ 25 മിനിറ്റ് വീതം രണ്ട് തവണയായി ദിവസം ആകെ 50 മിനിറ്റ് ഓഫാക്കും. ലോഡ് അധികമില്ലാത്തതും സാധാരണ രീതിയില്‍ രണ്ട് തവണ ഓഫാക്കാത്തതുമായ ഫീഡറുകളിലും ഇനി മുതല്‍ നിയന്ത്രണം ബാധകമായിരിക്കും. ഇത്തരം ഫീഡറുകളില്‍ വൈകുന്നേരം 6:20 മുതല്‍ 6:45 വരെയുള്ള സമയത്തായിരിക്കും വൈദ്യുതി വിച്ഛേദിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.