മിസൈല്‍ വികസിപ്പിക്കാന്‍ ഹൂതികള്‍ അന്ത്രോപികിന്റെ ക്ലോഡ് എഐ ചാറ്റ്‌ബോട്ട് ദുരുപയോഗം ചെയ്തു; ഗുരുതര വെളിപ്പെടുത്തല്‍, സുരക്ഷാ ഭീഷണി

മിസൈല്‍ വികസിപ്പിക്കാന്‍ ഹൂതികള്‍ അന്ത്രോപികിന്റെ ക്ലോഡ്  എഐ ചാറ്റ്‌ബോട്ട് ദുരുപയോഗം ചെയ്തു; ഗുരുതര വെളിപ്പെടുത്തല്‍, സുരക്ഷാ ഭീഷണി

വാഷിങ്ടണ്‍: പ്രമുഖ എഐ കമ്പനിയായ അന്ത്രോപികിന്റെ ക്ലോഡ് എഐ ചാറ്റ്‌ബോട്ട് ദുരുപയോഗം ചെയ്താണ് ഇറാന്‍ പിന്തുണയുള്ള യമനിലെ ഹൂതി വിമതര്‍ ഗൈഡഡ് മിസൈലുകളും മറ്റ് ആയുധങ്ങളും വികസിപ്പിക്കുന്നതിനുള്ള സോഫ്റ്റ്വെയര്‍ തയ്യാറാക്കിയതെന്ന് റിപ്പോര്‍ട്ട്.

അന്ത്രോപിക് പുറത്തുവിട്ട 154 പേജുള്ള പുതിയ ഭീഷണി അവലോകന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. യമനിലെ ഒരു ആയുധ എഞ്ചിനീയറിംഗ് വിഭാഗമാണ് ക്ലോഡ് കോഡ് ഉപയോഗിച്ച് ആയുധങ്ങളുടെ ഗൈഡന്‍സ്, നാവിഗേഷന്‍, കണ്‍ട്രോള്‍ സോഫ്റ്റ്വെയറുകള്‍ എന്നിവ വികസിപ്പിക്കാന്‍ ശ്രമിച്ചത്. മൂന്ന് പ്രധാന മിസൈല്‍ പദ്ധതികള്‍ക്കായാണ് ഇവര്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു:

വിപണിയില്‍ സാധാരണ ലഭ്യമാകുന്ന സ്മാര്‍ട്ട്‌ഫോണ്‍ ക്ലാസ് ഫ്ളൈറ്റ് കമ്പ്യൂട്ടറും ഫൈനല്‍-ഫേസ് ഹോമിംഗ് ഗൈഡന്‍സും ഉപയോഗിച്ചുള്ള സംവിധാനം ഗൈഡഡ് റോക്കറ്റുകള്‍ വികസിപ്പിക്കാനായി ഉപയോഗിച്ചു. 2,000 കിലോ മീറ്ററിലധികം ദൂരപരിധിയുള്ള മള്‍ട്ടിസ്റ്റേജ് ബാലിസ്റ്റിക് മിസൈല്‍, ഹൈപ്പര്‍ സോണിക് ഗ്ലൈഡ് വെഹിക്കിള്‍ അടക്കമുള്ള മിസൈല്‍ വകഭേദങ്ങള്‍ വികസിപ്പിക്കാനും ശ്രമിച്ചു.

ഓപ്പണ്‍ സോഴ്സ് ഓട്ടോപൈലറ്റ് സംവിധാനത്തെ ഫ്ളൈറ്റ് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിനും കണ്‍ട്രോള്‍ സോഫ്റ്റ്വെയറുകള്‍ തയ്യാറാക്കുന്നതിനും ഫ്ളൈറ്റ് സിമുലേഷനുകള്‍ നടത്തുന്നതിനുമാണ് ഹൂതികള്‍ ക്ലോഡ് ഉപയോഗിച്ചത്.

ഒരേസമയം ക്ലോഡിന്റെ ഒന്നിലധികം സെഷനുകള്‍ പ്രവര്‍ത്തിപ്പിച്ച് ഒന്നില്‍ കോഡിംഗും മറ്റൊന്നില്‍ ഗവേഷണവും മൂന്നാമത്തേതില്‍ പരിശോധനയും നടത്തിയാണ് ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചത്. എഐയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ മറികടക്കാന്‍ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ മറച്ചുവെക്കുകയും പരീക്ഷണങ്ങള്‍ വെവ്വേറെ സെഷനുകളായി വിഭജിക്കുകയുമാണ് ചെയ്തത്. ഇതിലൂടെ ഇവര്‍ ക്ലോഡിനെ കബളിപ്പിച്ചു.

എന്നാല്‍ പരീക്ഷണാര്‍ത്ഥം ഹൂതികള്‍ വിക്ഷേപിച്ച ഗൈഡഡ് റോക്കറ്റ് പരീക്ഷണം പരാജയപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിക്ഷേപണം പരാജയപ്പെട്ട് മണിക്കൂറുകള്‍ക്കകം സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ ഇവര്‍ വീണ്ടും ക്ലോഡിന്റെ സഹായം തേടിയതായി അന്ത്രാപിക് വെളിപ്പെടുത്തി.

ആന്തരിക അന്വേഷണത്തിലൂടെ ഈ ദുരുപയോഗം കണ്ടെത്തിയ കമ്പനി, ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച അക്കൗണ്ടുകള്‍ റദ്ദാക്കുകയും വിവരങ്ങള്‍ അന്താരാഷ്ട്ര സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്തു. ആയുധ നിര്‍മ്മാണത്തിനായി ക്ലോഡ് ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ച ആറ് സംഭവങ്ങളില്‍ ഒന്നാണ് യമനിലേത്.

റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സംഘടനകളും തോക്കുകള്‍, ഡ്രോണുകള്‍, ബോംബുകള്‍, സൈബര്‍ ആക്രമണങ്ങള്‍, ജൈവായുധ ഗവേഷണം എന്നിവയ്ക്കായി എഐ ഉപയോഗിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ഹൂതികള്‍ക്ക് ക്ലോഡ് ഉപയോഗിക്കാനായി എന്നത് ലോകത്ത് മറ്റ് സമാന സംഘടനകള്‍ക്കും ഇത് സാധ്യമാകുമെന്നതിന്റെ തെളിവാണ്. വിഭവങ്ങളും സാമ്പത്തിക ശേഷിയുമുള്ള ഭീകര സംഘടനകള്‍ക്ക് ഇത്തരത്തില്‍ അനായാസം വിവരങ്ങള്‍ ലഭ്യമാകുമെന്ന് വന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇത് വലിയ സുരക്ഷാ ഭീഷണിയാകും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.