തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. കേരളം ധാരണാ പത്രത്തില്‍ ഒപ്പിട്ടതാണെന്നും മന്ത്രിസഭാ ഉപസമിതിയുടെ നടപടികള്‍ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടാണ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. രണ്ട് ദിവസം മുമ്പ് കത്ത് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ സ്ഥിരീകരിക്കുകയും ചെയ്തു.
പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കണമെന്നും എങ്കില്‍ മാത്രമേ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂവെന്നും കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി കത്തില്‍ ചൂണ്ടിക്കാട്ടിയതായി ഷംസുദ്ദീന്‍ പറഞ്ഞു. കത്തിന് മറുപടി നല്‍കുന്നത് സംബന്ധിച്ച് യുഡിഎഫ് നേതൃത്വവും മുഖ്യമന്ത്രി അടക്കമുള്ളവരും ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ രണ്ടാമത്തെ കത്താണിത്. പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കരുതെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ആവശ്യമുയര്‍ന്നത്. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ അജന്‍ഡ സംസ്ഥാനങ്ങളില്‍ നടപ്പാക്കാനുള്ള പരോക്ഷ ശ്രമമാണിതെന്ന് മാത്യു കുഴല്‍നാടന്‍, പി.എം നിയാസ്, എ.എ ഷുക്കൂര്‍ തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടി.
മുന്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ട കാര്യം ഓര്‍മ്മിപ്പിച്ച മുഖ്യമന്ത്രി സ്‌കൂള്‍, കരിക്കുലം എന്നിവ തിരഞ്ഞെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് വ്യക്തമാക്കി. നടപ്പാക്കിയില്ലെങ്കില്‍ മറ്റുപല ഫണ്ടുകളും കേന്ദ്രം തടയുമെന്നതാണ് സ്ഥിതി. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ പിഎം ശ്രീ നടപ്പാക്കിയതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലേ തുടര്‍ നടപടിയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.