ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായതിനെ തുടര്‍ന്ന് ആഗോള തലത്തില്‍ അസംസ്‌കൃത എണ്ണ വിതരണം തടസപ്പെടുമെന്ന ആശങ്ക വീണ്ടും ശക്തമാകുന്നു. സൗദി അറേബ്യയിലെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും അമേരിക്ക-ഇറാന്‍ തര്‍ക്കങ്ങള്‍ രൂക്ഷമായതുമാണ് എണ്ണ വില കുത്തനെ ഉയരാന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില ബാരലിന് 100 ഡോളറിനോട് അടുത്തതോടെ ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയില്‍ വലിയ സാമ്പത്തിക പ്രതിസന്ധിക്കും പണപ്പെരുപ്പത്തിനും വഴിയൊരുങ്ങുകയാണ്.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില രണ്ട് ശതമാനത്തിലധികം വര്‍ധിച്ച് ബാരലിന് 99 ഡോളറിലെത്തിയപ്പോള്‍, അമേരിക്കന്‍ വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വില മൂന്ന് ശതമാനം ഉയര്‍ന്ന് 94 ഡോളറിന് അടുത്തെത്തി. രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 88 ശതമാനത്തിലധികവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് നിരക്കിലുണ്ടാകുന്ന ഈ പെട്ടെന്നുള്ള വര്‍ധനവ് വലിയ തിരിച്ചടിയാണ്. തുടര്‍ച്ചയായി എണ്ണ വില ഉയര്‍ന്നാല്‍ ഇന്ത്യയുടെ ഡോളറിലുള്ള ഇറക്കുമതി ബില്‍ കുത്തനെ വര്‍ധിക്കുകയും ഇത് ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലും വ്യാപാര ബാലന്‍സിലും വലിയ സമ്മര്‍ദം സൃഷ്ടിക്കുകയും ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി അളവില്‍ വലിയ മാറ്റമൊന്നുമില്ലെങ്കിലും ഇറക്കുമതി ബില്‍ 56 ശതമാനത്തിലധികം ഉയര്‍ന്ന് 63.4 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 40.5 ബില്യണ്‍ ഡോളറായിരുന്നു ചിലവഴിച്ചിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്ന് നില്‍ക്കുന്നത് ഇന്ധനം, ഗതാഗതം, മറ്റ് ഊര്‍ജ അനുബന്ധ മേഖലകള്‍ എന്നിവയിലൂടെ രാജ്യത്തെ പൊതു പണപ്പെരുപ്പം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്.
നിലവില്‍ രാജ്യത്ത് റീട്ടെയില്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി മാറ്റമില്ലാതെ തുടരുകയാണ്. മെയ് രണ്ടാം പകുതിയില്‍ പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്ന് നാല് ഘട്ടങ്ങളിലായി പെട്രോളിന് ആകെ 7.35 രൂപയും ഡീസലിന് 7.53 രൂപയും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ നിലവിലെ അന്താരാഷ്ട്ര വില വര്‍ധനവിന്റെ പൂര്‍ണ ഭാരം ഉപയോക്താക്കളിലേക്ക് കൈമാറാന്‍ കഴിയാത്തത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരതീയ പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ വില്‍പ്പന കമ്പനികള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്.
വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ കൂടി കണക്കിലെടുത്ത് ആഭ്യന്തര ഇന്ധന വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുമോ അതോ എണ്ണക്കമ്പനികള്‍ നഷ്ടം സഹിക്കുന്നത് തുടരുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.