പിഎംഎല്‍എ 66(2) വകുപ്പ്: ഇ.ഡി ഡിജിപിക്ക് നല്‍കിയ കത്തിലെ തുടര്‍ നടപടി പിണറായിക്കും വീണയ്ക്കും റിയാസിനും നിര്‍ണായകം

പിഎംഎല്‍എ 66(2) വകുപ്പ്:  ഇ.ഡി ഡിജിപിക്ക് നല്‍കിയ കത്തിലെ തുടര്‍ നടപടി പിണറായിക്കും വീണയ്ക്കും റിയാസിനും നിര്‍ണായകം

ന്യൂഡല്‍ഹി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും വീണയുടെ ഭര്‍ത്താവ് മുന്‍മന്ത്രി മുഹമ്മദ് റിയാസിനും എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കേരള പൊലീസ് മേധാവിക്ക് കത്ത് നല്‍കിയത് കള്ളപ്പണ നിരോധന നിയമത്തിലെ 66(2) വകുപ്പ് പ്രകാരം.

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ലഭ്യമാകുന്ന വിവരങ്ങളില്‍ മറ്റ് നിയമങ്ങളുടെ ലംഘനം കണ്ടെത്തിയാല്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ ഇ.ഡിക്ക് അധികാരം നല്‍കുന്നതാണ് കള്ളപ്പണ നിരോധന നിയമത്തിലെ 66(2) വകുപ്പ്. ഈ വകുപ്പിന്റെ അടിസ്ഥാനത്തില്‍ ഇ.ഡി ഡിജിപിക്ക് കൈമാറിയ വിവരങ്ങള്‍ സംസ്ഥാന പോലീസിന്റെ തുടര്‍ നടപടികള്‍ക്ക് നിര്‍ണായകമാണ്.

ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭുപേഷ് ബാഗല്‍ ഉള്‍പ്പെട്ട മഹാദേവ് ബെറ്റിങ് ആപ്പ് കേസിലാണ് ഇതിന് മുമ്പ് കള്ളപ്പണ നിരോധന നിയമത്തിലെ 66(2) വകുപ്പ് പ്രകാരം ഒരു മുന്‍ മുഖ്യമന്ത്രിക്ക് എതിരായ തെളിവുകള്‍ സംസ്ഥാന പൊലീസിന് ഇഡി കൈമാറിയത്.

ഇഡി നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളും രേഖകളും 66(2) വകുപ്പ് പ്രകാരം ഛത്തീസ്ഗഡ് ഇക്കണോമിക് ഒഫന്‍സസ് വിങ്, ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് കൈമാറി. തുടര്‍ന്ന് 2024 മാര്‍ച്ച് നാലിന് കേസ് രജിസ്റ്റര്‍ ചെയ്തു. അഴിമതി നിരോധന നിയമം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇത്തരത്തില്‍ കള്ളപ്പണ നിരോധന നിയമത്തിലെ 66(2) വകുപ്പ് പ്രകാരം ഇഡിയുടെ അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങളുടെയോ രേഖകളുടെയോ അടിസ്ഥാനത്തില്‍ കള്ളപ്പണ നിരോധന നിയമത്തിന് പുറമെ മറ്റേതെങ്കിലും കുറ്റകൃത്യം നടന്നതായി ഇ.ഡിക്ക് ബോധ്യപ്പെട്ടാല്‍, ആവശ്യമായ നടപടിക്കായി ബന്ധപ്പെട്ട ഏജന്‍സിക്ക് ആ വിവരം കൈമാറണം.

അതായത്, ഇ.ഡിയുടെ അന്വേഷണത്തില്‍ അഴിമതി, വഞ്ചന, ഗൂഢാലോചന തുടങ്ങിയ പിഎംഎല്‍എയ്ക്ക് പുറത്തുള്ള കുറ്റകൃത്യങ്ങളുടെ സൂചന ലഭിച്ചാല്‍ അതുമായി ബന്ധപ്പെട്ട സംസ്ഥാന പോലീസിനോ മറ്റ് നിയമനടപടി സ്വീകരിക്കേണ്ട ഏജന്‍സിക്കോ വിവരം കൈമാറാം.

എന്നാല്‍ ഇ.ഡി ഇപ്രകാരം വിവരങ്ങള്‍ കൈമാറിയതുകൊണ്ടു മാത്രം അടിസ്ഥാന കുറ്റം നിയമപരമായി രൂപപ്പെടുന്നില്ല. ഇക്കാര്യം ഡല്‍ഹി ഹൈക്കോടതി ഒരു വിധിയില്‍ വ്യക്തമാക്കിയിരുന്നു. 66(2) വകുപ്പ് പ്രകാരം വിവിധ ഏജന്‍സികള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറാന്‍ കഴിയുമെങ്കിലും വിവരം കൈമാറിയതുകൊണ്ടു മാത്രം scheduled offence/predicate offence crystallise ചെയ്യുന്നില്ല എന്നാണ് കോടതി വ്യക്തമാക്കിയത്. അത് ബന്ധപ്പെട്ട പൊലീസ് അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്ന ഘട്ടത്തിലാണ് നിയമപരമായ കുറ്റമായി ഇത് രൂപാന്തരപ്പെടുന്നത്.

ചുരുക്കത്തില്‍ സംസ്ഥാന ഡിജിപിക്ക് ഇ.ഡി നല്‍കിയ കത്തിലെ തുടര്‍ നടപടികള്‍ ആണ് നിര്‍ണായകം. രേഖകളും തെളിവുകളും പരിശോധിച്ച് അഴിമതി നിരോധന നിയമപ്രകാരം കുറ്റം നിലനില്‍ക്കുമോയെന്ന് സ്വതന്ത്രമായി വിലയിരുത്തണം. കുറ്റത്തിന്റെ പ്രാഥമിക വസ്തുതകള്‍ ലഭ്യമാണെന്ന് കണ്ടെത്തിയാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.