നെയ്‌റോബി: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ കൊല്ലപ്പെട്ട കത്തോലിക്കാ വൈദികനെ രാജ്യത്തെ പരമോന്നത ദേശീയ നായക പദവിയിലേക്ക് നാമനിര്‍ദേശം ചെയ്തു. ഫാ. അലോയിസ് ചെറുയോട്ട് ബെറ്റിനെയാണ് ഒക്ടോബര്‍ 20 ന് ആഘോഷിക്കുന്ന കെനിയയുടെ ദേശീയ നായക ദിനമായ 'മഷുജാ' ദിനത്തോട് അനുബന്ധിച്ച് ആദരിക്കുന്നത്.
വടക്കു പടിഞ്ഞാറന്‍ കെനിയയിലെ കെരിയോ വാലിയില്‍ വിശുദ്ധ കുര്‍ബാനയും പ്രാര്‍ഥനകളും കഴിഞ്ഞ് മടങ്ങവെ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു എല്‍ഡോറെറ്റ് രൂപതയിലെ ടോട്ട് ഇടവക വികാരിയായിരുന്ന ഫാദര്‍ അലോയിസ്.
സംഘര്‍ഷഭരിതമായ ഈ പ്രദേശത്ത് സമാധാനത്തിനും സൗഹാര്‍ദത്തിനുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് ആക്രമികള്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഫാ. അലോയിസിന്റെ ഈ നിസ്വാര്‍ത്ഥ സേവനങ്ങളാണ് ഈ ആദരവിന് അര്‍ഹനാക്കിയത്.
മേഖലയില്‍ ഇടയന്മാര്‍ തമ്മിലുള്ള തര്‍ക്കങ്ങളും മോഷണങ്ങളും കാരണം അക്രമങ്ങള്‍ പതിവായിരുന്ന സമയത്തും, ജനങ്ങള്‍ക്കിടയില്‍ സമാധാനം പുനസ്ഥാപിക്കാനും ആത്മീയ പിന്തുണ നല്‍കാനും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു.
സുവിശേഷ പ്രചാരണത്തിനും സാമൂഹിക സേവനത്തിനും പുറമെ സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഈ നാമനിര്‍ദേശത്തിലൂടെ രാജ്യം അര്‍ഹിക്കുന്ന രീതിയില്‍ ആദരിക്കുകയാണ്.
കെനിയന്‍ ഭരണഘടന അനുസരിച്ച് സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് പുറമെ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും സമാധാനത്തിനും അസാധാരണമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെയാണ് 'മഷുജാ' ദിനത്തില്‍ ദേശീയ നായകന്മാരായി പ്രഖ്യാപിക്കുന്നത്. ഫാദര്‍ അലോയിസിന് നല്‍കുന്ന ഈ ആദരം കെനിയയിലെ കത്തോലിക്കാ സഭയ്ക്കും പ്രാദേശിക സമൂഹത്തിനും വലിയ അഭിമാനവും ആശ്വാസവുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.