'പിറക്കാത്ത കുഞ്ഞുങ്ങളുടെയും ജീവന്‍ സംരക്ഷിക്കപ്പെടണം': ഗര്‍ഭഛിദ്ര ബില്ലിനെ 'വീറ്റോ' ചെയ്യാനുറച്ച് ലിക്റ്റന്‍സ്‌റ്റൈനിലെ അലോയിസ് രാജകുമാരന്‍

 'പിറക്കാത്ത കുഞ്ഞുങ്ങളുടെയും ജീവന്‍ സംരക്ഷിക്കപ്പെടണം': ഗര്‍ഭഛിദ്ര ബില്ലിനെ 'വീറ്റോ' ചെയ്യാനുറച്ച് ലിക്റ്റന്‍സ്‌റ്റൈനിലെ അലോയിസ് രാജകുമാരന്‍

വാഡൂസ്: ഗര്‍ഭസ്ഥ ശിശുക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ശക്തമായ നിലപാടുമായി യൂറോപ്യന്‍ രാജ്യമായ ലിക്റ്റന്‍സ്‌റ്റൈനിലെ അലോയിസ് രാജകുമാരന്‍.

ഗര്‍ഭ ധാരണത്തിന്റെ ആദ്യ 12 ആഴ്ചകള്‍ക്കുള്ളില്‍ ഗര്‍ഭഛിദ്രം നടത്താന്‍ സ്ത്രീകളെ അനുവദിക്കുന്ന ബില്ലിനെ തന്റെ പ്രത്യേക 'വീറ്റോ' അധികാരം ഉപയോഗിച്ച് റദ്ദാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗര്‍ഭഛിദ്രം നിയമ വിധേയമാക്കുന്നതിനായുള്ള നിര്‍ണായക ബില്ലിന് പാര്‍ലമെന്റ് പ്രാഥമിക അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് രാജകുമാരന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

25 അംഗങ്ങളുള്ള ലിക്റ്റന്‍സ്‌റ്റൈന്‍ പാര്‍ലമെന്റില്‍ 12 നെതിരെ 13 വോട്ടുകള്‍ക്കാണ് ജനകീയ കൂട്ടായ്മ മുന്നോട്ടുവച്ച ഈ നിര്‍ദേശം പാസായത്. നിലവിലെ നിയമപ്രകാരം റേപ്പ് കേസുകളിലോ, അമ്മയുടെ ജീവന് ഭീഷണിയുള്ള സാഹചര്യങ്ങളിലോ മാത്രമാണ് രാജ്യത്ത് ഗര്‍ഭഛിദ്രത്തിന് അനുമതിയുള്ളത്. മറ്റുള്ള സാഹചര്യങ്ങളില്‍ ഗര്‍ഭഛിദ്രം നടത്തുന്നത് തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

പിറക്കാത്ത കുഞ്ഞുങ്ങളുടെ ജീവന്‍ സംരക്ഷിക്കേണ്ടത് സാമൂഹികവും ധാര്‍മ്മികവുമായ ബാധ്യതയാണെന്നും അതിനാല്‍ ബില്‍ തടയുമെന്നുമാണ് അലോയിസ് രാജകുമാരന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പരമ്പരാഗത ഭരണഘടനാപരമായ സവിശേഷ അധികാരങ്ങള്‍ ഇപ്പോഴും ശക്തമായി ഉപയോഗിക്കുന്ന ചുരുക്കം ചില ഭരണാധികാരികളില്‍ ഒരാളാണ് അലോയിസ് രാജകുമാരന്‍.

റോമന്‍ കത്തോലിക്കാ സഭയ്ക്ക് വലിയ സ്വാധീനമുള്ള ലിക്റ്റന്‍സ്‌റ്റൈനില്‍, മുന്‍പും ഗര്‍ഭഛിദ്ര നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള നീക്കങ്ങള്‍ക്ക് രാജകുടുംബം എതിര് നിന്നിട്ടുണ്ട്. രാജകുമാരന്റെ വീറ്റോ നീക്കം രാജ്യത്ത് വീണ്ടും വലിയ രാഷ്ട്രീയ നിയമ തര്‍ക്കങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.