ഒക്ടോബര്‍ ഏഴ് മോഡലില്‍ വന്‍ ആക്രമണ പദ്ധതി: സഖ്യകക്ഷികളെ അണിനിരത്തി ഇസ്രയേലിനെ വളയാന്‍ ഇറാന്‍ നീക്കം

ഒക്ടോബര്‍ ഏഴ് മോഡലില്‍ വന്‍ ആക്രമണ പദ്ധതി: സഖ്യകക്ഷികളെ അണിനിരത്തി ഇസ്രയേലിനെ വളയാന്‍ ഇറാന്‍ നീക്കം

ടെഹ്‌റാന്‍: പ്രാദേശിക സഖ്യകക്ഷികളെ ഒരുമിച്ച് അണിനിരത്തി ഇസ്രയേലിനെതിരെ ഒരേസമയം വന്‍ സൈനിക ആക്രമണത്തിന് ഇറാന്‍ കോപ്പുകൂട്ടുന്നതായി റിപ്പോര്‍ട്ട്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന്റെ മാതൃകയില്‍, എന്നാല്‍ കൂടുതല്‍ പഴുതടച്ചതും ശക്തവുമായ രീതിയിലാണ് പദ്ധതി തയ്യാറാക്കുന്നതെന്ന് ഇസ്രയേല്‍ ഇന്റലിജന്‍സ് വിവരങ്ങളെ ഉദ്ധരിച്ച് ദ് ജറുസലം പോസ്റ്റ് വെളിപ്പെടുത്തി.

ഇറാന്‍ റവല്യൂഷനറി കോറിലെയും ഖുദ്‌സ് സേനയിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ലബനനിലെ ഹിസ്ബുല്ല, യമനിലെ ഹൂതികള്‍, ഹമാസ്, ഇറാഖിലും സിറിയയിലുമുള്ള ഇറാന്‍ അനുകൂല സംഘടനകള്‍ എന്നിവരുടെ കമാന്‍ഡര്‍മാരുമായി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇസ്രയേലിന്റെ വടക്കന്‍, തെക്കന്‍ അതിര്‍ത്തികളില്‍ നിന്ന് ഒരേസമയം അതിശക്തമായ ആക്രമണം അഴിച്ചുവിട്ട് രാജ്യത്തെ സമ്മര്‍ദത്തിലാക്കുകയാണ് ലക്ഷ്യം. ഇതിനോടകം തന്നെ ഹമാസും ഹിസ്ബുല്ലയും ഇറാന്റെ പിന്തുണയോടെ അതിര്‍ത്തികളില്‍ തങ്ങളുടെ സാന്നിധ്യവും പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.

യു.എസ്, ഇസ്രയേല്‍ പ്രതിരോധ നീക്കങ്ങളില്‍ കുറവ് വന്ന തങ്ങളുടെ ആയുധ ശേഖരം വേഗത്തില്‍ പുനരുജ്ജീവിപ്പിക്കാനും ഇറാന്‍ ഊര്‍ജിത ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മിസൈല്‍, ഡ്രോണ്‍ ഉല്‍പാദനം വീണ്ടും ത്വരിതപ്പെടുത്തിയിരിക്കുകയാണ്. ഇസ്രയേല്‍ തിരിച്ചടികളില്‍ ഹിസ്ബുല്ലയ്ക്ക് നേരിട്ട കനത്ത നാശനഷ്ടങ്ങളും സിറിയയില്‍ അസദ് ഭരണകൂടം താഴെ വീണതും മേഖലയില്‍ ഇറാന്റെ സ്വാധീനം കുറച്ചു എന്ന വിലയിരുത്തലുകള്‍ക്കിടെയാണ് തങ്ങളുടെ സഖ്യശക്തിയെ തിരിച്ചുപിടിക്കാനുള്ള പുതിയ നീക്കം.

2023 ഒക്ടോബര്‍ ഏഴിലെ ആക്രമണ സമയത്ത് ഹമാസ് മറ്റ് സഖ്യകക്ഷികളെ മുന്‍കൂട്ടി പങ്കാളികളാക്കിയിരുന്നില്ല. എന്നാല്‍ ഗാസയില്‍ നിന്നും ലഭിച്ച രേഖകള്‍ പ്രകാരം, ഹിസ്ബുല്ലയെയും ഇറാനെയും ഉള്‍പ്പെടുത്തി ആക്രമണം വിപുലമാക്കാന്‍ ഹമാസ് നേതാവ് യഹ്യ സിന്‍വര്‍ ഉദ്ദേശിച്ചിരുന്നതായി വ്യക്തമായിരുന്നു. അന്ന് സാധിക്കാതെ പോയ ഈ തന്ത്രപരമായ ഏകോപനം ഇത്തവണ കൃത്യമായി നടപ്പാക്കി, ബഹുമുഖ ആക്രമണത്തിലൂടെ ഇസ്രയേലിനെ പൂട്ടിയിടാനാണ് ഇറാന്റെ നേതൃത്വത്തില്‍ തയാറാകുന്ന പുതിയ പദ്ധതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.