ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ബാറിലെ പ്രമുഖന്‍; കാര്യം ബോധ്യപ്പെടുത്താന്‍ എളുപ്പമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ബാറിലെ പ്രമുഖന്‍; കാര്യം ബോധ്യപ്പെടുത്താന്‍ എളുപ്പമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ന്യൂഡല്‍ഹി: ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതില്‍ നിലവിലുള്ള നിലപാട് കേരളം പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിര്‍ദേശിച്ചു. കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ ബാറിലെ പ്രമുഖ അംഗമായിരുന്നുവെന്നും അതിനാല്‍ ഇക്കാര്യം അദേഹത്തെ ബോധ്യപ്പെടുത്താന്‍ എളുപ്പമായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായവുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ജാജു ബാബുവിനോടാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 60 ആയി നിലനിര്‍ത്തണമെന്നാണ് കേരളം നേരത്തെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ വിരമിക്കല്‍ പ്രായം 62 ആക്കുന്നതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഈ കേസ് കഴിഞ്ഞ ദിവസം സുപ്രീം കോടതി പരിഗണിച്ചപ്പോള്‍ കേരളത്തിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ജാജു ബാബു ഓണ്‍ലൈനില്‍ ഹാജരാകുകയും സംസ്ഥാനത്തിന്റെ നിലപാട് വിശദീകരിക്കുകയുമായിരുന്നു.

മുഖ്യമന്ത്രിയുടെ അഭിഭാഷക പശ്ചാത്തലം ചൂണ്ടിക്കാട്ടി സംസാരിച്ച ചീഫ് ജസ്റ്റിസ്, കേരളം നിലപാട് പുനപരിശോധിക്കണമെന്ന് വാക്കാല്‍ നിരീക്ഷിച്ചു. ബാറിലെ യുവ അഭിഭാഷകരുടെ പ്രിയപ്പെട്ട അഡ്വക്കേറ്റ് ജനറലാണ് ജാജു ബാബുവെന്ന് കൂട്ടിച്ചേര്‍ത്ത ചീഫ് ജസ്റ്റിസ്, വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടു. കേസില്‍ സര്‍ക്കാരിന് വേണ്ടി സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആര്‍. രമയും ഹാജരായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.