ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിന് നേരെ ബിഎല്‍എയുടെ ആക്രമണം: ഇരട്ട ആക്രമണത്തില്‍ 25 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിന് നേരെ ബിഎല്‍എയുടെ ആക്രമണം: ഇരട്ട ആക്രമണത്തില്‍ 25 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ബലൂചിസ്ഥാന്‍: ബലൂചിസ്ഥാനില്‍ വ്യത്യസ്ത ഇടങ്ങളിലായി പാകിസ്ഥാന്‍ സൈന്യത്തിന് നേരെ നടന്ന രണ്ട് ആക്രമണങ്ങളില്‍ 25 സൈനികരെ വധിച്ചതായി സായുധ സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) അവകാശപ്പെട്ടു. ആക്രമണങ്ങളില്‍ സൈന്യത്തിന്റെ മൂന്ന് വാഹനങ്ങള്‍ പൂര്‍ണമായി തകര്‍ത്തതായും ഇവര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

സിയാറത്ത് ക്രോസില്‍ വെച്ച് സൈന്യത്തിന്റെ നാല് വാഹനങ്ങള്‍ അടങ്ങിയ വ്യൂഹത്തിന് നേരെയാണ് ബിഎല്‍എ ആദ്യ ആക്രമണം അഴിച്ചുവിട്ടത്. ബിഎല്‍എയുടെ ഫത്തേ സ്‌ക്വാഡ് നടത്തിയ ഈ ആക്രമണത്തില്‍ ഒരു സൈനിക ട്രക്ക് ഉള്‍പ്പെടെ രണ്ട് വാഹനങ്ങള്‍ തകരുകയും 18 സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തതായി വക്താവ് ജീയന്ദ് ബലൂച് അറിയിച്ചു. വാഹനവ്യൂഹത്തില്‍ നിന്ന് പരിക്കേറ്റ അഞ്ച് സൈനികര്‍ ഓടിരക്ഷപ്പെട്ടെന്നും കൊല്ലപ്പെട്ട സൈനികരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങള്‍ തങ്ങള്‍ പിടിച്ചെടുത്തതായും സംഘടന അവകാശപ്പെടുന്നു. കത്തുന്ന സൈനിക വാഹനങ്ങളും മൃതദേഹങ്ങളും പിടിച്ചെടുത്ത ആയുധങ്ങളും ഉള്‍പ്പെടുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇവരുടെ ഔദ്യോഗിക മാധ്യമ ചാനലായ ഹക്കല്‍ വഴി ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.

ബലൂചിസ്താനിലെ സുറാബിലുള്ള ഹാജിക മേഖലയിലാണ് രണ്ടാമത്തെ ആക്രമണം അരങ്ങേറിയത്. ബിഎല്‍എയുടെ സ്പെഷ്യല്‍ ടാക്റ്റിക്കല്‍ ഓപ്പറേഷന്‍സ് സ്‌ക്വാഡ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം പൊട്ടിത്തെറിച്ചാണ് സൈനിക വാഹനത്തെ തകര്‍ത്തത്. ഈ ആക്രമണത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെടുകയും വാഹനം പൂര്‍ണമായി നശിക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പ്രതിവാര പ്രസ്താവനയിലൂടെ പുറത്തുവിടുമെന്ന് ബിഎല്‍എ വ്യക്തമാക്കിയെങ്കിലും ആക്രമണങ്ങളെക്കുറിച്ചും ബിഎല്‍എയുടെ അവകാശവാദങ്ങളെക്കുറിച്ചും പാകിസ്ഥാന്‍ അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.