ഇന്ത്യ ലോകത്തിലെ സാമ്പത്തിക-സാങ്കേതിക ശക്തി കേന്ദ്രമെന്ന് ബെല്‍ജിയം; തന്ത്രപ്രധാന സുരക്ഷാ പങ്കാളിത്തത്തിന് പുതിയ തുടക്കം

ഇന്ത്യ ലോകത്തിലെ സാമ്പത്തിക-സാങ്കേതിക ശക്തി കേന്ദ്രമെന്ന് ബെല്‍ജിയം; തന്ത്രപ്രധാന സുരക്ഷാ പങ്കാളിത്തത്തിന് പുതിയ തുടക്കം

10 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: ഭൗമരാഷ്ട്രീയ രംഗത്തും ആഗോള സാമ്പത്തിക വ്യവസ്ഥയിലും ഇന്ത്യ കൈവരിച്ച വന്‍ മുന്നേറ്റത്തെ പ്രകീര്‍ത്തിച്ച് ബെല്‍ജിയന്‍ പ്രധാനമന്ത്രി ബാര്‍ട് ഡി വെവര്‍. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യ ലോകത്തിലെ പ്രബലമായ സാമ്പത്തിക, സാങ്കേതിക ശക്തി കേന്ദ്രമായി മാറിയെന്നും അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ ശബ്ദത്തിന് വലിയ പ്രാധാന്യമുണ്ടെന്നും ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം ഡി വെവര്‍ വ്യക്തമാക്കി.

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബെല്‍ജിയം പ്രധാനമന്ത്രി ബാര്‍ട് ഡി വെവര്‍, ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (CII) സംഘടിപ്പിച്ച വ്യവസായ ഉച്ചകോടിയിലാണ് ഇന്ത്യയുടെ ആഗോള പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ചത്.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തിച്ച് പ്രാദേശിക ആഭ്യന്തര വ്യവസായ അടിത്തറ തകര്‍ക്കുന്ന അപകടകരമായ രീതിയെക്കുറിച്ച് ഇന്ത്യ നേരത്തെ തന്നെ യൂറോപ്പിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ബെല്‍ജിയന്‍ പ്രധാനമന്ത്രി പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വന്തം വിപണിയില്‍ ഇത്തരം വില കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഒഴുകിയെത്താന്‍ അനുമതി നല്‍കിയതിലൂടെ വ്യാവസായിക മേഖല തകരുകയും, മറ്റ് ബാഹ്യ വിതരണക്കാരെ അമിതമായി ആശ്രയിക്കുന്ന സ്ഥിതിയിലേക്ക് നീങ്ങുകയും ചെയ്തു. അന്നത്തെ മോഡിയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച യൂറോപ്പ് കനത്ത തിരിച്ചടിയാണ് നേരിട്ടത്.


ആഗോളതലത്തില്‍ തന്ത്രപ്രധാന മാറ്റങ്ങള്‍ സംഭവിക്കുന്ന ഈ കാലഘട്ടത്തില്‍ ഇന്ത്യയേക്കാള്‍ വിശ്വസ്തനായ മറ്റൊരു പങ്കാളി യൂറോപ്പിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാന് പ്രതിരോധ സഹായമില്ല; ഇന്ത്യയുമായി 10 കരാറുകള്‍

ഇന്ത്യയുമായുള്ള സഖ്യം പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പാകിസ്ഥാന് ഇനി തന്ത്രപ്രധാനമായ ആയുധങ്ങളോ പ്രതിരോധ ഉപകരണങ്ങളോ നല്‍കില്ലെന്ന് ബെല്‍ജിയം വ്യക്തമാക്കി. പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മില്‍ 10 കരാറുകളില്‍ ഒപ്പുവെച്ചു. ബെല്‍ജിയത്തിന്റെ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യയില്‍ വച്ച് തന്നെ റോക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സൈനികോപകരണങ്ങള്‍ സംയുക്തമായി നിര്‍മിക്കും. പ്രതിരോധ നിര്‍മാണത്തിന് പുറമേ സൈനിക പരിശീലനം, രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറല്‍ എന്നിവയിലും സഹകരണം വര്‍ധിപ്പിക്കും.


കൂടാതെ ചര്‍ച്ചകള്‍ക്കിടയില്‍ തികച്ചും ലളിതവും രസകരവുമായ ഒരു സംഭവവും അരങ്ങേറി. ബെല്‍ജിയത്തിന്റെ പ്രശസ്തമായ ചോക്ലേറ്റില്‍ തീര്‍ത്ത 'ഇന്ത്യാ ഗേറ്റിന്റെ' ഒരു അപൂര്‍വ ശില്‍പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കാന്‍ ബാര്‍ട് ഡി വെവര്‍ കൊണ്ടുവന്നിരുന്നു. ഒന്നാം ലോക മഹായുദ്ധത്തില്‍ ബെല്‍ജിയത്തിലെ ഫ്‌ളാന്‍ഡേഴ്സ് പാടശേഖരങ്ങളില്‍ വീരമൃത്യു വരിച്ച ഒന്‍പതിനായിരത്തിലധികം ഇന്ത്യന്‍ സൈനികരുടെ ഓര്‍മ്മ പുതുക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രബന്ധം എടുത്തുപറയാനുമാണ് അദേഹം ഈ സമ്മാനം തിരഞ്ഞെടുത്തത്. എന്നാല്‍ യാത്രാമധ്യേ ചൂടേറ്റ് ചോക്ലേറ്റ് ശില്‍പം അല്‍പം ഉരുകിപ്പോയി.

'നയതന്ത്രത്തിന് ചോക്ലേറ്റ് വളരെ നല്ലതാണ്, എന്നാല്‍ നയതന്ത്ര യാത്രകള്‍ക്ക് അതത്ര അനുയോജ്യമല്ല' എന്ന് ഡി വെവര്‍ തമാശരൂപേണ പറഞ്ഞപ്പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ ചിരി പടര്‍ന്നു. ഇതിന്റെ മറ്റൊരു പകര്‍പ്പ് മോഡിക്ക് സുരക്ഷിതമായി ഉടന്‍ എത്തിക്കുമെന്നും അദേഹം വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തികം, ഊര്‍ജ്ജം, ഡയമണ്ട് വ്യവസായം, പ്രതിരോധം എന്നി മേഖലകളിലെ പങ്കാളിത്തം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു രാജ്യങ്ങളും ഉച്ചകോടി പൂര്‍ത്തിയാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.