കാഠ്മണ്ഡു: പ്രളയജലം ഇരച്ചുകയറി നാടെങ്ങും വിറങ്ങലിച്ചു നില്‍ക്കവെ, ആഴമേറിയ തുരങ്കത്തിനുള്ളില്‍ നിന്ന് പ്രതീക്ഷയുടെ തുടിപ്പുകള്‍ക്കൊടുവില്‍ അതിജീവനം. നേപ്പാളില്‍ കനത്ത നാശം വിതച്ച മിന്നല്‍ പ്രളയത്തിന് ശേഷം ജലവൈദ്യുതി പദ്ധതിയുടെ തുരങ്കത്തില്‍ കുടുങ്ങിയ രണ്ട് ജീവനക്കാരെ ഒന്‍പതാം നാളില്‍ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തു. മെക്കാനിക്കല്‍ സൂപ്പര്‍ വൈസര്‍ കബീര്‍ മഹാര്‍ജന്‍ (45), ഫോര്‍മാന്‍ സഞ്ജയ് ഷാ (30) എന്നിവരാണ് മരണമുഖത്ത് നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
എന്നാല്‍ വിവിധ ജലവൈദ്യുതി പദ്ധതികളില്‍ നിന്നായി കാണാതായ 900 തൊഴിലാളികളില്‍ അഞ്ഞൂറോളം പേര്‍ ഇപ്പോഴും തുരങ്കങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരം ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. തുരങ്കത്തിന്റെ 170 മീറ്റര്‍ ഉള്ളില്‍ നിന്ന് നേര്‍ത്ത ശബ്ദം കേട്ടതാണ് രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായത്. ശബ്ദം കേട്ട ഭാഗത്തേക്ക് ഉടനടി തിരിഞ്ഞ സംഘം ഇരുവരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. സംസാരിക്കാന്‍ കഴിയാത്തവിധം ശാരീരികമായി തളര്‍ന്ന സഞ്ജയ് ഷായെ കഠ്മണ്ഡുവിന് വടക്ക് പടിഞ്ഞാറുള്ള ബട്ടാറിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു.
രക്ഷപ്പെടുത്തുമ്പോള്‍ ബോധമുണ്ടായിരുന്ന കബീര്‍ മഹാര്‍ജനെ ഉടനടി കാഠ്മണ്ഡുവിലെ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ നാശം വിതച്ച പ്രളയത്തില്‍ ഇതുവരെ 1,259 പേര്‍ കൊല്ലപ്പെടുകയും അയ്യായിരത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. അയല്‍ രാജ്യമായ ടിബറ്റിലും പ്രളയം വന്‍ ആഘാതമാണ് സൃഷ്ടിച്ചത്. ഇവിടെ 21 പേര്‍ മരിക്കുകയും 541 പേരെ കാണാതാവുകയും ചെയ്തു. തുരങ്കങ്ങള്‍ക്കുള്ളില്‍ ഇനിയും കൂടുതല്‍ പേര്‍ ജീവനോടെയുണ്ടാകാമെന്ന പ്രതീക്ഷയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി നേപ്പാള്‍ വാര്‍ത്താവിനിമയ മന്ത്രി ബിക്രം തിമില്‍സിന അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.