പെര്‍മിറ്റ് പുതുക്കാന്‍ ഇസ്രയേല്‍ വിസമ്മതിച്ചു: ജെറുസലേമിലെ ക്രിസ്ത്യന്‍ സ്‌കൂളുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു

പെര്‍മിറ്റ് പുതുക്കാന്‍ ഇസ്രയേല്‍ വിസമ്മതിച്ചു: ജെറുസലേമിലെ ക്രിസ്ത്യന്‍ സ്‌കൂളുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു

ജെറുസലേം: അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും യാത്ര പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ ഇസ്രയേല്‍ അധികൃതര്‍ വിസമ്മതിച്ചതോടെ ജെറുസലേമിലെ ക്രിസ്ത്യന്‍ സ്‌കൂളുകളിലെ അധ്യായനം അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വെച്ചു. ഇതോടെ എണ്ണായിരത്തിലധികം വിദ്യാര്‍ത്ഥികളുടെ പഠനം വീണ്ടും പ്രതിസന്ധിയിലായി.

ഈ വര്‍ഷം രണ്ടാം തവണയാണ് പെര്‍മിറ്റ് പ്രതിസന്ധിയെ തുടര്‍ന്ന് ഇവിടെ അധ്യായനം മുടങ്ങുന്നത്. വെസ്റ്റ് ബാങ്കില്‍ നിന്നുള്ള എഴുപതിലധികം അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമാണ് ജെറുസലേമിലേക്ക് പ്രവേശിക്കാനുള്ള പെര്‍മിറ്റ് ഇസ്രയേല്‍ നിഷേധിച്ചത്.

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇസ്രയേല്‍ അധികൃതര്‍ പെര്‍മിറ്റുകള്‍ നിഷേധിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. വലിയൊരു വിഭാഗം ജീവനക്കാരുടെ അഭാവം പഠനത്തെ മാത്രമല്ല, സ്‌കൂളുകളുടെ ഭരണ നിര്‍വ്വഹണം, ശുചിത്വം, വിദ്യാര്‍ത്ഥികളുടെ സുരക്ഷ എന്നിവയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

രക്ഷാകര്‍തൃ പ്രതിനിധികളുമായും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും കൂടിയാലോചിച്ച ശേഷമാണ് ക്ലാസുകള്‍ നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചതെന്നും ആവശ്യമായ പെര്‍മിറ്റുകള്‍ ലഭിക്കുന്നതു വരെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവില്ലെന്നും ക്രൈസ്തവ നേതൃത്വം അറിയിച്ചു.

ഇത്തരത്തിലുള്ള നടപടികള്‍ കൂടെകൂടെ ഉണ്ടാകുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും വിദ്യാര്‍ത്ഥികളുടെ ഭാവിയെയും ദോഷകരമായി ബാധിക്കുമെന്ന് സ്‌കൂള്‍ ജനറല്‍ സെക്രട്ടറിയേറ്റ് ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ ജനുവരിയിലും സമാനമായ രീതിയില്‍ ഇസ്രയേല്‍ അധികൃതര്‍ പെര്‍മിറ്റുകള്‍ തടഞ്ഞു വെച്ചതിനെ തുടര്‍ന്ന് ക്ലാസുകള്‍ നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.