ന്യൂഡല്‍ഹി: ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുത്ത ലോക നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും മറ്റ് പ്രമുഖ നേതാക്കളെയും വെട്ടിമാറ്റി പാകിസ്ഥാന്‍. ബിഷ്‌കെക്കില്‍ നടന്ന ഉച്ചകോടിക്കിടെ എടുത്ത ഔദ്യോഗിക ചിത്രത്തിലാണ് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് വിവാദപരമായ രീതിയില്‍ തിരിമറി നടത്തിയത്. സംഭവത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനവും പരിഹാസവും ഉയര്‍ന്നു.
പത്തംഗ രാജ്യങ്ങളിലെ തലവന്മാര്‍ ഒന്നിച്ചുനിന്നെടുത്ത ചിത്രത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ തുടങ്ങിയവരെ ഒഴിവാക്കി ഏഴ് പേരുടെ ഭാഗം മാത്രമാണ് പാക് പിഎംഒ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. യഥാര്‍ത്ഥ ചിത്രത്തില്‍ വലതുവശത്ത് നിന്ന് നാലാം സ്ഥാനത്തായിരുന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ ചിത്രത്തിന്റെ കൃത്യം മധ്യഭാഗത്ത് എത്തിക്കാനാണ് ചിത്രം വശങ്ങളില്‍ നിന്ന് മനപൂര്‍വം ക്രോപ്പ് ചെയ്തത്. തങ്ങളുടെ ഇരുവശത്തും മൂന്ന് നേതാക്കള്‍ വീതം വരുന്ന രീതിയിലാണ് ചിത്രം എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തത്.
ഉച്ചകോടിയില്‍ പാകിസ്ഥാനാണ് പ്രധാന സ്ഥാനം വഹിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനും ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ പ്രതിച്ഛായ വര്‍ധിപ്പിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്നാണ് പ്രധാന വിമര്‍ശനം. ഫോട്ടോയ്ക്ക് പുറമെ ഉച്ചകോടിയുടെ വട്ടമേശ സമ്മേളന വീഡിയോയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദൃശ്യങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് ഷെഹബാസ് ഷെരീഫിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചത്.
പാക് പിഎംഒയുടെ ഈ നടപടിക്കെതിരെ സൈബര്‍ ഇടങ്ങളില്‍ പ്രതിഷേധം കനത്തതോടെ, എല്ലാ നേതാക്കളും അടങ്ങുന്ന യഥാര്‍ത്ഥ ചിത്രം ഷെഹബാസ് ഷെരീഫ് തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പിന്നീട് പോസ്റ്റ് ചെയ്തു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള മറ്റ് ലോക നേതാക്കള്‍ ഉച്ചകോടിയുടെ പൂര്‍ണ രൂപത്തിലുള്ള ചിത്രം തന്നെയാണ് ആദ്യമെ തന്നെ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരുന്നത്. പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അപക്വമായ ഈ നീക്കത്തിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും നിറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.