വിദ്യാര്‍ഥി പ്രക്ഷോഭ കേസുകള്‍ മുഴുവനും റദ്ദാക്കി സുപ്രീം കോടതി; സെപ്റ്റംബര്‍ അഞ്ചിന്റെ മാര്‍ച്ച് പിന്‍വലിച്ച് സി.ജെ.പി

വിദ്യാര്‍ഥി പ്രക്ഷോഭ കേസുകള്‍ മുഴുവനും റദ്ദാക്കി സുപ്രീം കോടതി; സെപ്റ്റംബര്‍ അഞ്ചിന്റെ മാര്‍ച്ച് പിന്‍വലിച്ച് സി.ജെ.പി

നീറ്റ് പരീക്ഷയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.

ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറില്‍ കഴിഞ്ഞ മാസം നടന്ന കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ്.ഐ.ആറുകളും സുപ്രീം കോടതി റദ്ദാക്കി.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിദ്യാര്‍ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഇതോടെ ഇല്ലാതാകുമെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല, ഈ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇനി പുതിയ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ഇതോടെ സെപ്റ്റംബര്‍ അഞ്ചിന് നടത്താനിരുന്ന മാര്‍ച്ച് കോക്രേച്ച് ജനതാ പാര്‍ട്ടി പിന്‍വലിച്ചു. പാര്‍ട്ടി വക്താവ് സൗരവ് ദാസ് ആണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.

കേന്ദ്ര സര്‍ക്കാരുമായി സിജെപി നേതാക്കള്‍  നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു ജന്തര്‍ മന്തറിലെ സമരം അവസാനിപ്പിച്ചത്. വിദ്യാര്‍ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കും, പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യില്ല, നീറ്റ് പരീക്ഷയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സിജെപി സമരം പിന്‍വലിച്ചത്.

എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാരോപിച്ചാണ് ഈ മാസം അഞ്ചാം തിയതി ഇന്ത്യാഗേറ്റ് മുതല്‍ ഡല്‍ഹി പൊലീസ് ആസ്ഥാനം വരെ പ്രതിഷേധ മാര്‍ച്ച് നടത്താന്‍ സിജെപി തീരുമാനിച്ചത്.

നേരത്ത ചര്‍ച്ചയില്‍ തീരുമാനമായ മൂന്ന് കാര്യത്തിലും അനുകൂല നടപടിയുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ജൂലൈ 20 നും 25 നും ഇടയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കാന്‍ സുപ്രീം കോടതി സ്വമേധയാ ഭരണഘടനാ 142-ാം അനുച്ഛേദപ്രകാരം അധികാരം വിനിയോഗിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് ഭാവിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യില്ലെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ പണം നല്‍കുമെന്ന നിര്‍ദേശം അറിയിച്ച സോളിസിറ്റര്‍ ജനറല്‍ ചീഫ് ജസ്റ്റിസിന്റെ കോടതി മുറിക്കുള്ളില്‍ സിജെപി നേതാവ് സൗരവ് ദാസ് ഉണ്ടെന്നും അദ്ദേഹത്തില്‍ നിന്നും സമരം പിന്‍വലിക്കുന്നുവെന്ന ഉറപ്പു വാങ്ങണമെന്നും ആവശ്യപ്പെട്ടു. സുപ്രീം കോടതി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സെപ്റ്റംബര്‍ അഞ്ചിന് നടത്താനിരുന്ന മാര്‍ച്ച് പിന്‍വലിച്ചതായി സൗരവ് ദാസ് അറിയിച്ചത്.

നീറ്റ് യുജി പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് ജൂലൈ 20 മുതല്‍ 25 വരെ രാജ്യത്തുടനീളം നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ എഫ്.ഐ.ആറുകളും റദ്ദാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഒരു സംസ്ഥാനത്തോ കേന്ദ്രഭരണ പ്രദേശത്തോ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള കേസുകളില്‍ തുടര്‍ നടപടികളോ അന്വേഷണമോ പാടില്ലെന്നും രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ്.ഐ.ആറുകളും പൂര്‍ണമായി അവസാനിപ്പിച്ചതായി കണക്കാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കേന്ദ്ര സര്‍ക്കാരും ബിഹാര്‍, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, അസം എന്നീ സംസ്ഥാനങ്ങളും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റെ സുപ്രധാന വിധി.

കേന്ദ്രവും നാല് സംസ്ഥാനങ്ങളും മാത്രമാണ് എഫ്‌ഐആറുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതെങ്കിലും, നീതിയുക്തമായ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ ഭാവിയും പഠനവും മുന്‍നിര്‍ത്തി കോടതി ഈ ഉത്തരവ് രാജ്യവ്യാപകമായി ബാധകമാക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.