കാഠ്മണ്ഡു: നേപ്പാള്‍ പ്രകൃതി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 1003 ആയി ഉയര്‍ന്നു. 583 വിദേശ പൗരന്മാര്‍ ഉള്‍പ്പെടെ നാലായിരത്തോളം ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ശക്തമായി തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക.
പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ചത് എട്ട് ജില്ലകളിലാണ്. ഇതില്‍ ചിത്വാന്‍ ജില്ലയിലാണ് കൂടുതല്‍ ജീവഹാനിയുണ്ടായത്; ഇവിടെ മാത്രം 321 പേര്‍ മരണപ്പെട്ടു. നവല്‍പരാസി ഈസ്റ്റില്‍ 216 പേര്‍ മരിച്ചതായാണ് കണക്കുകള്‍. ഇതിനോടകം 12000 ത്തില്‍ അധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ദുരന്തബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഇരുപതിനായിരത്തിലധികം സുരക്ഷാ സേനാംഗങ്ങളെ നേപ്പാള്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഭീഷണിയാകുന്നുണ്ട്. അതിദുഷ്‌കരമായ മലയോര മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനും ഒറ്റപ്പെട്ടുപോയ ജനങ്ങള്‍ക്ക് ഭക്ഷണവും ഔഷധങ്ങളും അടക്കമുള്ള അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനും ഹെലികോപ്റ്ററുകള്‍ നിരന്തരം സര്‍വീസ് നടത്തുന്നുണ്ട്. പ്രളയത്തില്‍ 19 പാലങ്ങള്‍ പൂര്‍ണമായും ഒലിച്ചുപോയതോടെ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്കുള്ള പ്രധാന ഗതാഗത മാര്‍ഗങ്ങള്‍ തടസപ്പെട്ടു. ധാഡിങ് ജില്ലയിലെ പാതകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് പൃഥ്വി, ത്രിഭുവന്‍ ഹൈവേകളില്‍ നിലവില്‍ ഒരു വരി ഗതാഗതം മാത്രമാണ് സാധ്യമാകുന്നത്. അതിര്‍ത്തി പാതകള്‍ തകര്‍ന്നത് ചൈനയുമായുള്ള കരമാര്‍ഗ വ്യാപാരത്തെ സാരമായി ബാധിച്ചതിനൊപ്പം നിരവധി ജലവൈദ്യുത പദ്ധതികള്‍ക്കും വലിയ തോതില്‍ നാശനഷ്ടം വരുത്തിവെച്ചു.
അതിനിടെ രാജ്യത്ത് വീണ്ടും വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രസുവ, നുവാകോട്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജലനിരപ്പ് 24 മണിക്കൂറും കൃത്യമായി നിരീക്ഷിക്കുന്നതിനായി പ്രത്യേക ക്യാമറകളും സാറ്റലൈറ്റ് സംവിധാനങ്ങളും സ്ഥാപിക്കുമെന്ന് ഊര്‍ജമന്ത്രി ബിരാജ് ഭക്ത ശ്രേഷ്ഠ അറിയിച്ചു. ഈ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ തത്സമയം പ്രവചന കേന്ദ്രങ്ങളിലേക്ക് ലഭ്യമാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.