ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനുമായി അമേരിക്കയ്ക്ക് മുന്നില്‍ ഏഴ് ദിന നയതന്ത്ര പദ്ധതിയുമായി ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് യു.എന്‍ പൊതുസഭാ സമ്മേളനത്തിനിടെ ഈ നിര്‍ദേശം ഇടനിലക്കാര്‍ മുഖേന അമേരിക്കയ്ക്ക് കൈമാറിയ വിവരം അറിയിച്ചത്. യുഎസിലെ വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് വിഷയത്തില്‍ അന്തിമ ധാരണയിലെത്തുന്നതാണ് ഉചിതമെന്നും അദേഹം വ്യക്തമാക്കി.
ഇറാന്‍ മുന്നോട്ടുവെച്ച ഉപാധികള്‍ അമേരിക്ക അംഗീകരിക്കുകയാണെങ്കില്‍ ഏഴാം ദിവസത്തോടെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പൂര്‍ണമായി തുറന്നുകൊടുക്കാമെന്നാണ് ഇറാന്റെ വാഗ്ദാനം. ഇതിന് തൊട്ടുപിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവ പരിപാടി സംബന്ധിച്ച സമഗ്രമായ ചര്‍ച്ചകള്‍ പുനരാരംഭിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. കഴിഞ്ഞ ജൂണില്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണാ പത്രത്തിലെ പ്രധാന തത്ത്വങ്ങളോട് സാമ്യമുള്ളതാണ് പുതിയ നിര്‍ദേശങ്ങളെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മേഖലയിലെ സുരക്ഷയും സ്ഥിരതയും പുനസ്ഥാപിക്കണമെങ്കില്‍ ഇറാനെതിരെയുള്ള അമേരിക്കന്‍ ഇടപെടലുകളും ആക്രമണങ്ങളും പൂര്‍ണമായി അവസാനിക്കേണ്ടതുണ്ടെന്ന് അരാഗ്ചി കൂട്ടിച്ചേര്‍ത്തു. ആണവ വിഷയത്തില്‍ ഇപ്പോഴും നയതന്ത്രപരമായ പരിഹാരങ്ങള്‍ക്കാണ് ഇറാന്‍ മുന്‍ഗണന നല്‍കുന്നത്. അതേസമയം ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ അമേരിക്കയും ഇസ്രയേലും ഏകപക്ഷീയമായി സൈനിക നടപടികളിലേക്ക് കടക്കുകയായിരുന്നുവെന്നും ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നങ്ങള്‍ക്ക് ഇറാനെ മാത്രം കുറ്റപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും അദേഹം പറഞ്ഞു.
അമേരിക്കന്‍ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. ജൂണില്‍ കൈവരിച്ച ധാരണകള്‍ തകരാന്‍ കാരണം അമേരിക്കയുടെ സൈനിക ഇടപെടലുകളാണെന്ന് അദേഹം ആരോപിച്ചു. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണമായി അടച്ചിട്ടില്ലെന്നും നയതന്ത്ര ശ്രമങ്ങളെ തകര്‍ത്തത് അമേരിക്കയുടെ നിലപാടുകളാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.