കാലിഫോര്‍ണിയ: മില്‍പീറ്റസില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ സഹതാമസക്കാരി അനില ബേബിക്കെതിരെ (32) നരഹത്യക്കുറ്റം ചുമത്തി പൊലീസ്. കേസിലെ മുഖ്യപ്രതിയായ കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശി അനില നിലവില്‍ സാന്റ ക്ലാര കൗണ്ടി മെയിന്‍ ജയിലിലാണ്.
മില്‍പീറ്റസിലെ അപ്പാര്‍ട്ട്മെന്റ് പാര്‍ക്കിങ് ഏരിയയില്‍ വച്ച് തൃശൂര്‍ മുടിക്കോട് സ്വദേശി അഞ്ജന ഹരിയെ (35) അതിക്രൂരമായി കാറിടിച്ചു കൊലപ്പെടുത്തിയ കേസിലാണ് മില്‍പീറ്റസ് പൊലീസ് അനിലയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. അഞ്ജന കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിനുള്ളില്‍ തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആന്‍ മേരി മാത്യു (40) കത്തിക്കുത്തേറ്റു കൊല്ലപ്പെട്ട സംഭവത്തിലും അനിലയ്‌ക്കെതിരെ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഡിറ്റക്ടീവ് ടൈലര്‍ ഗുഡ്, ഡിറ്റക്ടീവ് സര്‍ജന്റ് എറിക് ബെര്‍ണാഡോ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ അതിനിര്‍ണായക തെളിവുകളും ദൃക്സാക്ഷി മൊഴികളുമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 28 ന് ഉച്ചകഴിഞ്ഞാണ് മില്‍പീറ്റസിലെ മില്‍ ക്രീക്ക് അപ്പാര്‍ട്‌മെന്റ്‌സ് വളപ്പില്‍ അപകടമുണ്ടായെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. നീല നിറത്തിലുള്ള എസ്യുവി കാല്‍ നടയാത്രക്കാരിയായ അഞ്ജനയ്ക്ക് മേല്‍ അതിവേഗത്തില്‍ ഇടിച്ചുകയറ്റുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ അഞ്ജനയെ രക്ഷിക്കാന്‍ ഫയര്‍ ആന്റ് പാരാമെഡിക്‌സ് സംഘം ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തിന് ശേഷം വാഹനം നിര്‍ത്താതെ ഓടിച്ചുപോയ അനില ബേബിയെ സമീപത്തെ വാള്‍ഗ്രീന്‍സ് പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായി സംസാരിച്ച അനിലയുടെ കൈകാലുകളില്‍ രക്തക്കറകളും പരിക്കുകളുമുണ്ടായിരുന്നു. കൈയില്‍ ബാഗുമായി അഞ്ജന കാറിന് നേരെ നടന്നു വരുന്നതിനിടെ വാഹനം മനപൂര്‍വം അതിവേഗത്തില്‍ മുന്നോട്ട് കുതിച്ച് ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.
ഇടിയുടെ ആഘാതത്തില്‍ അഞ്ജനയുടെ ദേഹത്തുകൂടി ടയറുകള്‍ കയറിയിറങ്ങുകയും സമീപത്തുണ്ടായിരുന്ന മറ്റ് മൂന്ന് വാഹനങ്ങളില്‍ ഇടിച്ച ശേഷം വാഹനം പാഞ്ഞുപോകുകയുമായിരുന്നു. ട്രാഫിക് ഉദ്യോഗസ്ഥര്‍ നടത്തിയ തെളിവെടുപ്പില്‍ വാഹനം ബ്രേക്ക് ചെയ്തതിന്റെ അടയാളങ്ങളൊന്നും കണ്ടെത്താനായില്ല എന്നതും നരഹത്യ ഉറപ്പിക്കുന്ന തെളിവായി.
കോടതിയില്‍ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാല്‍ 25 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് അനിലയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ ഈ മാസം ഒന്‍പതിന് കോടതിയില്‍ ഹാജരാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.