വത്തിക്കാന്‍ സിറ്റി: വിശ്വാസ ജീവിതത്തിലും പ്രാര്‍ത്ഥനയിലും ഹൃദയത്തില്‍ സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാകുമ്പോള്‍ പോലും ദൈവത്തോടുള്ള സംവാദം അവസാനിപ്പിക്കരുതെന്നും, നമ്മുടെ യഥാര്‍ത്ഥ വികാരങ്ങള്‍ അവിടുത്തെ മുന്‍പില്‍ എളിമയോടെ തുറന്ന് പറയണമെന്നും ആഹ്വാനം ചെയ്ത് ലിയോ പതിന്നാലാമന്‍ മാര്‍പാപ്പ. കാസ്റ്റല്‍ ഗന്തോള്‍ഫോയില്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥനാ സന്ദേശം നല്‍കുകയായിരുന്നു പരിശുദ്ധ പിതാവ്. അല്‍ബാനോ തടാകത്തില്‍ നടന്ന പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്ത ശേഷമാണ് പാപ്പ അവിടെ തങ്ങിയത്.
വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ യേശു തന്റെ വരാനിരിക്കുന്ന പീഡാസഹനത്തെയും മരണത്തെയും ഉത്ഥാനത്തെയും കുറിച്ച് ശിഷ്യന്മാരോട് വെളിപ്പെടുത്തുന്ന ഭാഗത്തെ ആസ്പദമാക്കിയായിരുന്നു പാപ്പയുടെ സന്ദേശം. ലൗകിക വിജയങ്ങളും ശത്രുക്കളുടെ മേലുള്ള ആധിപത്യവും പ്രതീക്ഷിച്ചിരുന്ന ശിഷ്യന്മാര്‍ക്ക് ക്രിസ്തുവിന്റെ വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. അതുകൊണ്ടാണ് പത്രോസ് ക്രിസ്തുവിനെ മാറ്റിനിര്‍ത്തി, ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന് ഉപദേശിക്കാന്‍ തുനിഞ്ഞത്.
മനുഷ്യസഹജമായ ഈ ബലഹീനത നമ്മുടെ ജീവിതത്തിലും സാധാരണയാണെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ദൈവത്തിന്റെ വഴികള്‍ നമ്മുടെ ചിന്തകള്‍ക്ക് തീര്‍ത്തും അപ്പുറമായിരിക്കുമ്പോള്‍ അവ മനസ്സിലാക്കാനും സ്വീകരിക്കാനും പ്രയാസമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ദൈവം നമ്മെ കേള്‍ക്കുന്നില്ലെന്നോ അവിടുത്തെ വഴി തെറ്റാണെന്നോ ചിന്തിച്ചുപോകുന്ന അവസ്ഥ ഉണ്ടാകാം. എന്നാല്‍ പത്രോസ് ശ്ലീഹ തന്റെ ഈ അവിവേകത്തിനിടയിലും നമ്മെ വളരെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.
.jpg)
ആദ്യമായി, എത്ര വലിയ പ്രതിസന്ധികളിലും ദൈവവുമായുള്ള പ്രാര്‍ത്ഥനാബന്ധം ഉപേക്ഷിക്കരുത് എന്നതാണ്. നമ്മുടെ പ്രയാസങ്ങളും മനസിലാക്കാനുള്ള ബുദ്ധിമുട്ടുകളും ദൈവത്തോട് ആത്മാര്‍ത്ഥമായി പങ്കുവെക്കാന്‍ നാം തയ്യാറാകണം. രണ്ടാമതായി ദൈവത്തിന്റെ പ്രവര്‍ത്തികളെ സ്വന്തം മാനദണ്ഡങ്ങള്‍ വെച്ച് അളക്കരുത്. അവിടുന്ന് വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ എളിമയോടെ കേള്‍ക്കാനും സ്വീകരിക്കാനും പ്രാര്‍ത്ഥനാപൂര്‍വം മനസുണ്ടാകണം.
'സാത്താനേ, എന്നെ വിട്ടുപോവുക' എന്ന് യേശു ശാസിച്ചിട്ടും പത്രോസ് അവിടുത്തെ വിട്ടുപോയില്ല. സ്വയം നിഷേധിച്ച് കുരിശെടുത്ത് തന്നെ അനുഗമിക്കാനുള്ള ക്രിസ്തുവിന്റെ ആഹ്വാനം പത്രോസ് സ്വീകരിക്കുകയും രക്തസാക്ഷിത്വം വരെ അവിടുത്തെ വാക്കിനോട് പൂര്‍ണ വിശ്വസ്തത പുലര്‍ത്തുകയും ചെയ്തു.
പത്രോസിനെപ്പോലെ സത്യസന്ധതയോടെയും എളിമയോടെയും ദൈവത്തോട് സംസാരിക്കാനും അവിടുത്തെ ഹിതം അനുസരിക്കാനുമുള്ള മനസ് നമുക്കുണ്ടാകട്ടെയെന്ന് മാര്‍പാപ്പ ആശംസിച്ചു. കുരിശിന്റെ ചുവട്ടില്‍പോലും ദൈവഹിതത്തിന് പൂര്‍ണമായി കീഴ്വഴങ്ങിയ പരിശുദ്ധ ദൈവമാതാവിന്റെ മാതൃക ഇതിനായി നമ്മെ സഹായിക്കുമെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.