ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക്: മാധ്യമങ്ങളിലൂടെയുള്ള സുവിശേഷ പ്രഘോഷണത്തിന് മാതൃകയെന്ന് മാര്‍പാപ്പ

ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക്: മാധ്യമങ്ങളിലൂടെയുള്ള സുവിശേഷ പ്രഘോഷണത്തിന് മാതൃകയെന്ന് മാര്‍പാപ്പ

മിസോറി: അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പായിരുന്ന ദൈവദാസന്‍ ഫുള്‍ട്ടന്‍ ജെ. ഷീന്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക്. മിസോറിയിലെ സെന്റ് ലൂയിസില്‍ വച്ചാണ് അദ്ദേഹം വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഇന്ന് ഉയര്‍ത്തപ്പെടുന്നത്.

മാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തിയ സുവിശേഷ പ്രവര്‍ത്തനങ്ങളെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ സെപ്റ്റംബര്‍ 23 ന് നടന്ന പൊതു കൂടിക്കാഴ്ച വേളയില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ പ്രകീര്‍ത്തിച്ചു. സുവിശേഷ പ്രചാരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആര്‍ച്ച് ബിഷപ്പ് ഷീന്‍ മാതൃകയാണെന്ന് മാര്‍പാപ്പ പറഞ്ഞു.

'മിസോറിയിലെ സെന്റ് ലൂയിസില്‍ വച്ച് ദൈവദാസന്‍ ഫുള്‍ട്ടന്‍ ഷീന്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടും. മാധ്യമങ്ങളിലൂടെയുള്ള സുവിശേഷ പ്രവര്‍ത്തനത്തിന് പേരുകേട്ട പരിശുദ്ധനായ ഈ ബിഷപ്പിന്റെ മാതൃകയും മധ്യസ്ഥതയും സന്തോഷകരമായ ആവേശത്തോടെ സുവിശേഷ സന്ദേശം പ്രചരിപ്പിക്കുന്നതിന് പുതിയ വഴികള്‍ കണ്ടെത്താന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെ'- മാര്‍പാപ്പ ആശംസിച്ചു.

2026 സെപ്റ്റംബര്‍ 24 ഉച്ചകഴിഞ്ഞ് സെന്റ് ലൂയിസിലെ 'ദി ഡോം അറ്റ് അമേരിക്കാസ് സെന്ററില്‍' വച്ചാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ചടങ്ങുകള്‍ നടക്കുന്നത്. സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റായ കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

അമേരിക്കയിലെ 48 സംസ്ഥാനങ്ങളില്‍ നിന്നും 12 രാജ്യങ്ങളില്‍ നിന്നുമായി നാല്‍പത്തി അയ്യായിരത്തോളം തീര്‍ഥാടകരും എണ്‍പതിലധികം ബിഷപ്പുമാരും നൂറുകണക്കിന് വൈദികരും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ വ്യക്തമാക്കുന്നത്.

'അങ്കിള്‍ ഫുള്‍ട്ടി' എന്ന് വിശ്വസികള്‍ സ്‌നേഹപൂര്‍വം വിളിച്ചിരുന്ന ആര്‍ച്ച് ബിഷപ്പ് ഷീന്‍ 1895 ലാണ് ജനിച്ചത്. 'ലൈഫ് ഈസ് വര്‍ത്ത് ലിവിംഗ്' എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് അമേരിക്കന്‍ വീടുകളില്‍ സുപരിചിതനായത്. 1952 മുതല്‍ 1957 വരെ സംപ്രേക്ഷണം ചെയ്ത ഈ പരിപാടിക്ക് ദശലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ടായിരുന്നു.

വാഷിങ്ടണിലും ബെല്‍ജിയത്തിലെ ലൂവെയ്ന്‍ സര്‍വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കിയ ആര്‍ച്ച് ബിഷപ്പ് ഷീന്‍, 1953 ല്‍ ഏറ്റവും മികച്ച വ്യക്തിത്വത്തിനുള്ള എമ്മി അവാര്‍ഡ് കരസ്ഥമാക്കി.

1966 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ ബിഷപ്പായി നിയമിച്ചു. മൂന്ന് വര്‍ഷത്തിനു ശേഷം രൂപതാ ഭരണത്തില്‍ നിന്ന് വിരമിച്ചെങ്കിലും മരണം വരെ അദ്ദേഹം തന്റെ പൊതു സുവിശേഷ സേവനം തുടര്‍ന്നു. 1979 ഡിസംബറിലാണ് ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.