യേശു ക്രിസ്തുവിന്റെ തിരുവസ്ത്രം മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്നു; ചരിത്രത്തില്‍ ആദ്യം

 യേശു ക്രിസ്തുവിന്റെ തിരുവസ്ത്രം മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്നു; ചരിത്രത്തില്‍ ആദ്യം

അര നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം നടത്താറുള്ള അപൂര്‍വ പ്രദര്‍ശനമാണ് ഇപ്പോള്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.

പാരിസ്: ക്രൈസ്തവ വിശ്വാസത്തിലെ അതിപുരാതന തിരുശേഷിപ്പുകളിലൊന്നായ യേശു ക്രിസ്തുവിന്റെ തിരുവസ്ത്രം ചരിത്രത്തിലാദ്യമായി ഒരു മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നു.

ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ സെന്റ് ഡെനിസിലെ സ്റ്റേഡ് ഡി ഫ്രാന്‍സ് സ്റ്റേഡിയത്തില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ പങ്കെടുക്കുന്ന യുവജന പ്രാര്‍ഥനാ സംഗമത്തിലാണ് ഈ ചരിത്ര മുഹൂര്‍ത്തം ഒരുങ്ങുന്നത്. എണ്‍പതിനായിരത്തോളം യുവാക്കളാണ് ഈ ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഫ്രാന്‍സിലെ പാരിസിന് സമീപമുള്ള ബാസിലിന ഡി സെന്റ് ഡെനിസ് അര്‍ജന്റ്യൂവിലില്‍ കഴിഞ്ഞ 1200 ലേറെ വര്‍ഷങ്ങളായി സൂക്ഷിച്ചു പോരുന്നതാണ് ഈ തിരുശേഷിപ്പ്. ക്രിസ്തുവിന്റെ പീഡാസഹന വേളയില്‍ അണിഞ്ഞിരുന്നതെന്നും തയ്യലുകളില്ലാതെ നെയ്‌തെടുത്തതാണെന്നും വിശ്വസിക്കപ്പെടുന്ന തിരുവസ്ത്രമാണിത്.

അര്‍ജന്റ്യൂവിലില്‍ നിന്ന് ആറ് കിലോമീറ്റര്‍ ദൂരെയുള്ള സ്റ്റേഡിയത്തിലേക്ക് അതീവ സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് യേശുവിന്റെ തിരുവസ്ത്രം എത്തിക്കുന്നത്. കര മാര്‍ഗവും വ്യോമ മാര്‍ഗവും പ്രത്യേക നിരീക്ഷണങ്ങളുണ്ടാകും. 1983 ല്‍ ഈ തിരുശേഷിപ്പ് മോഷണം പോവുകയും മാസങ്ങള്‍ക്ക് ശേഷം തിരികെ ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കൃത്യമായ യാത്രാ വഴി രഹസ്യമായി സൂക്ഷിച്ചുകൊണ്ടാണ് തിരുവസ്ത്രം പ്രദര്‍ശന വേദിയില്‍ എത്തിക്കുന്നത്.

സാധാരണയായി അര നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം നടത്താറുള്ള അപൂര്‍വ പ്രദര്‍ശനമാണ് ഇപ്പോള്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.