പാരാ സ്‌പെഷ്യല്‍ ഫോഴ്‌സില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക്; 'നാഷണല്‍ ക്രഷ്' മേജര്‍ റിഷഭ് സാംബ്യാല്‍ ഇനി പുതിയ ദൗത്യത്തിലേക്ക്

പാരാ സ്‌പെഷ്യല്‍ ഫോഴ്‌സില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക്; 'നാഷണല്‍ ക്രഷ്' മേജര്‍ റിഷഭ് സാംബ്യാല്‍ ഇനി പുതിയ ദൗത്യത്തിലേക്ക്

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ മുന്‍ എയ്ഡ്-ഡി-ക്യാമ്പും സോഷ്യല്‍ മീഡിയയില്‍ നാഷണല്‍ ക്രഷ് എന്ന വിശേഷണത്തിലൂടെ ശ്രദ്ധ നേടുകയും ചെയ്ത സൈനിക ഉദ്യോഗസ്ഥന്‍ മേജര്‍ റിഷഭ് സിങ് സാംബ്യാല്‍ ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് വിരമിച്ചു. ഏകദേശം 12 വര്‍ഷം നീണ്ട സേവനത്തിനാണ് അദേഹം വിരാമമിട്ടത്.

ജമ്മു സ്വദേശിയായ റിഷഭ് 2013 ല്‍ നാഷണല്‍ ഡിഫന്‍സ് അക്കാഡമി 133-ാം കോഴ്‌സില്‍ പ്രവേശനം നേടി, തുടര്‍ന്ന് ഇന്ത്യന്‍ മിലിട്ടറി അക്കാഡമിയിലെ പരിശീലനത്തിന് ശേഷമാണ് സൈന്യത്തില്‍ നിയമിതനായത്. 2021 ലെ റിപ്പബ്ലിക് ഡേ പരേഡില്‍ ജാട്ട് റെജിമെന്റിന്റെ സംഘത്തെ നയിച്ച അദേഹത്തിന്റെ നേതൃത്വത്തിലുള്ള പരേഡിന് 'മികച്ച മാര്‍ച്ചിങ് കോണ്ടിന്‍ജന്റ്' പുരസ്‌കാരം ലഭിച്ചിരുന്നു. പിന്നീട് അതീവതീവ്ര പരിശീലനം ലഭിച്ച 4പാരാ സ്‌പെഷ്യല്‍ ഫോഴ്‌സില്‍ സേവനമനുഷ്ഠിച്ച അദേഹം ബലിദാന്‍ ബാഡ്ജും കരസ്ഥമാക്കി.

2023 മാര്‍ച്ചിലാണ് അദേഹം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ എയ്ഡ്-ഡി-ക്യാമ്പായി ചുമതലയേല്‍ക്കുന്നത്. രാഷ്ട്രപതിയോടൊപ്പമുള്ള ഔദ്യോഗിക പരിപാടികളിലെ സാന്നിധ്യവും അച്ചടക്കവും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സാംബ്യാല്‍ രാജ്യത്താകമാനം ശ്രദ്ധേയനായതും നാഷണല്‍ ക്രഷ് എന്ന് അനൗദ്യോഗികമായി വിളിക്കപ്പെട്ടതും.

കുടുംബപരമായ ചില ഉത്തരവാദിത്തങ്ങളാണ് സമയത്തിന് മുന്‍പുള്ള വിരമിക്കലിലേക്ക് നയിച്ച പ്രധാന കാരണമെന്ന് അദേഹം വ്യക്തമാക്കി. നാല് മാസത്തോളം നീണ്ട ആലോചനകള്‍ക്കൊടുവിലാണ് ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഈ തീരുമാനത്തിലെത്തിയതെന്ന് അദേഹം പ്രതികരിച്ചു. വിരമിക്കലിന് ശേഷം രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയെ നേരില്‍ കണ്ട് നന്ദി അറിയിച്ച സാംബ്യാല്‍, യുവാക്കളെ പ്രചോദിപ്പിക്കുന്നതിനും രാജ്യസേവനത്തിനുമായി പുതിയൊരു സംരംഭം ആരംഭിക്കാനുള്ള ആലോചനയിലാണെന്നും സൂചന നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.