വാഷിങ്ടണ്‍/കുവൈറ്റ് സിറ്റി: ഇറാനെതിരെ വീണ്ടും ആക്രമണം ശക്തമാക്കി അമേരിക്ക. തെക്കന്‍ ഇറാനിലെ സിറിക്കില്‍ വിവാഹ വീട്ടില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഒരു കുട്ടി ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ഹോര്‍മുസ് കടലിടുക്കിലെ കപ്പലുകള്‍ക്കും മേഖലയിലെ അമേരിക്കന്‍ സൈനികര്‍ക്കുമെതിരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് നടപടിയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്റ് അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കാനുള്ള ഇറാന്റെ പരാജയപ്പെട്ട ശ്രമത്തിന് മറുപടിയായി തുടര്‍ന്നും ശക്തമായ ആക്രമണങ്ങള്‍ നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കി.
അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ബഹ്റിന്‍, കുവൈറ്റ്, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ഇറാനില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണത്തില്‍ കുവൈത്തിലെ പാര്‍പ്പിട സമുച്ചയത്തിന് തീ പിടിച്ചതായി ഫയര്‍ ഫോഴ്‌സ് അറിയിച്ചു. തീപിടിത്തം പിന്നീട് നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
ഇറാന്‍ അയച്ച 10 ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി ജോര്‍ദാന്‍ സൈന്യം അറിയിച്ചു. അമേരിക്കയ്ക്ക് 'മറക്കാനാകാത്ത പാഠം' നല്‍കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖൊമേനി മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാന്‍ വ്യക്തമാക്കി.
തുടര്‍ ആക്രമണ സാധ്യത കണക്കിലെടുത്ത് ബഹ്റിന്‍ ആഭ്യന്തര മന്ത്രാലയം ജനങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി. പൗരന്മാരും താമസക്കാരും ശാന്തത പാലിക്കണമെന്നും സമീപത്തുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. പൊതുസുരക്ഷ ഉറപ്പിക്കുന്നതിനായി ഔദ്യോഗിക ചാനലുകളിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ മാത്രം പിന്തുടരണമെന്നും മന്ത്രാലയം എക്സിലൂടെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.