പുസ്തക വായനയുടെ മറവില്‍ നടന്ന വന്‍ ഡിജിറ്റല്‍ വേട്ട: 106 പേരുടെ കോടികള്‍ കവര്‍ന്ന് എന്‍ടിഎല്‍ ആപ്പ്; അന്വേഷണം ശക്തമാക്കി പൊലീസ്

പുസ്തക വായനയുടെ മറവില്‍ നടന്ന വന്‍ ഡിജിറ്റല്‍ വേട്ട: 106 പേരുടെ കോടികള്‍ കവര്‍ന്ന് എന്‍ടിഎല്‍ ആപ്പ്; അന്വേഷണം ശക്തമാക്കി പൊലീസ്

തിരുവനന്തപുരം: പുസ്തകം വായിച്ചാല്‍ അറിവ് മാത്രമാണോ ലഭിക്കുക? അല്ല ദിവസവും വീട്ടിലിരുന്ന് ആയിരങ്ങള്‍ സമ്പാദിക്കാം. ഡിജിറ്റല്‍ യുഗത്തിലെ ഈ ആകര്‍ഷകമായ വാഗ്ദാനം വിശ്വസിച്ച് ആയുഷ്‌കാലത്തെ സമ്പാദ്യം മുഴുവന്‍ ഒരു ആപ്പില്‍ നിക്ഷേപിച്ച മലയാളിക്ക് ഒടുവില്‍ കിട്ടിയത് കോടികളുടെ പണി. ഓണ്‍ലൈനിലൂടെ ഇ-ബുക്കുകള്‍ വായിച്ച് പണം നേടാമെന്ന് വിശ്വസിപ്പിച്ച് സംസ്ഥാനത്തുടനീളം 106 ഓളം പേരില്‍ നിന്നായി ഒന്നേകാല്‍ കോടിയിലധികം രൂപ തട്ടിയെടുത്ത എന്‍ടിഎല്‍ ടാസ്‌ക് ആപ്പ് (NTL Task App) മാഫിയയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

തിരുവനന്തപുരം വിതുര പൊലീസ് സ്റ്റേഷനില്‍ ഇരകള്‍ കൂട്ടമായെത്തി പരാതി നല്‍കിയതോടെയാണ് ഈ വന്‍ ഡിജിറ്റല്‍ കൊള്ളയുടെ ചുരുളഴിയുന്നത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ച് കിടക്കുന്നതാണ് ഈ തട്ടിപ്പ് ശൃംഖല.

കേവലം ഒരു ഇന്‍വെസ്റ്റ്മെന്റ് ആപ്പ് എന്നതിലുപരി കൃത്യമായ ആസൂത്രണത്തോടെയാണ് തട്ടിപ്പുകാര്‍ ഇരകളെ വലയിലാക്കിയത്. പ്ലേ സ്റ്റോറുകളില്‍ ലഭ്യമല്ലാത്ത ആപ്പിന്റെ ലിങ്ക് വാട്സ്ആപ്പ് വഴിയാണ് അയച്ച് നല്‍കിയിരുന്നത്. ലിങ്ക് വഴി അക്കൗണ്ട് രജിസ്റ്റര്‍ ചെയ്ത ശേഷം പണം സമ്പാദിക്കാന്‍ ആളുകള്‍ ആദ്യം ആപ്പിലേക്ക് നിക്ഷേപം നടത്തണമായിരുന്നു. 1800 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെയാണ് പലരും അംഗത്വ ഫീസായി തട്ടിപ്പുകാര്‍ക്ക് നല്‍കിയത്. ആപ്പില്‍ ദിവസവും നല്‍കുന്ന ഇ-ബുക്കുകള്‍ വായിച്ചു തീര്‍ക്കുക എന്നതായിരുന്നു പ്രധാന ചുമതല. ഒരു പുസ്തകം വായിച്ചാല്‍ 25 രൂപ അക്കൗണ്ടില്‍ വരുമെന്നും, റഫറല്‍ വഴി കൂടുതല്‍ ആളുകളെ ചേര്‍ക്കുമ്പോള്‍ വന്‍ തുക കമ്മീഷനായി ലഭിക്കുമെന്നും വിശ്വസിപ്പിച്ച് ഇതിനെ ഒരു മള്‍ട്ടി-ലെവല്‍ തട്ടിപ്പായി മാറ്റുകയായിരുന്നു.

ആളുകളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ തട്ടിപ്പുകാര്‍ സങ്കീര്‍ണമായ തന്ത്രങ്ങളാണ് ഉപയോഗിച്ചത്. ആപ്പില്‍ നിന്നും പണം പിന്‍വലിക്കാന്‍ ബുധനാഴ്ചകളില്‍ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. ആരംഭ ഘട്ടങ്ങളില്‍ നിക്ഷേപകര്‍ക്ക് ബുധനാഴ്ചകളില്‍ കൃത്യമായി പണം അക്കൗണ്ടിലെത്തി. ഇതോടെ വിശ്വാസം വര്‍ധിച്ച ഇരകള്‍ സ്വന്തം സമ്പാദ്യവും കടം വാങ്ങിയ പണവും ഉപയോഗിച്ച് കൂടുതല്‍ ആളുകളെ ചേര്‍ക്കുകയും ആപ്പിലേക്ക് കൂടുതല്‍ തുക ഒഴുക്കുകയും ചെയ്തു. കോടികള്‍ കൈക്കലാക്കിയതോടെ പെട്ടെന്ന് ഒരു ദിവസം പണം പിന്‍വലിക്കുന്നത് തടസപ്പെടുകയും ആപ്പ് പൂര്‍ണമായും പ്രവര്‍ത്തന രഹിതമാവുകയുമായിരുന്നു.

തട്ടിപ്പിന് പിന്നില്‍ തിരുവനന്തപുരം തൊളിക്കോട് സ്വദേശി സനോഫര്‍ ഉള്‍പ്പെടെയുള്ള ആറംഗ സംഘമാണെന്ന് ഇരകള്‍ ആരോപിക്കുന്നുണ്ടെങ്കിലും, ഇതിന്റെ വേരുകള്‍ അതിര്‍ത്തി കടന്നതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരു യു.കെ കേന്ദ്രീകൃത കമ്പനിയുടെ പേരിലുള്ള വ്യാജ രേഖകളും സര്‍ട്ടിഫിക്കറ്റുകളും കാണിച്ചാണ് തട്ടിപ്പുകാര്‍ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. തട്ടിപ്പ് തുക അന്താരാഷ്ട്ര ക്രിപ്റ്റോ വാലറ്റുകളിലേക്കോ വിദേശ അക്കൗണ്ടുകളിലേക്കോ മാറ്റപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു.

വിതുര പൊലീസ് സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം സൈബര്‍ സെല്ലിന് കൈമാറുകയും ചെയ്തിട്ടുണ്ട്. മൊബൈല്‍ ടാസ്‌കുകള്‍ വഴിയും വ്യാജ ആപ്പുകള്‍ വഴിയും നിക്ഷേപം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന ഇത്തരം ലിങ്കുകളില്‍ വീഴരുതെന്നും തട്ടിപ്പിനിരയായാല്‍ ആദ്യ ഒരു മണിക്കൂറിനുള്ളില്‍ 1930 എന്ന സൈബര്‍ ഹെല്‍പ്പ്ലൈന്‍ നമ്പറിലോ cybercrime.gov.in എന്ന പോര്‍ട്ടല്‍ വഴിയോ പരാതിപ്പെടണമെന്നും സൈബര്‍ സെല്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.