‘ഹിന്ദുത്വ രാഷ്ട്രീയത്തിൽ ന്യൂനപക്ഷങ്ങൾ ആശങ്കയിൽ’; പള്ളിയിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് ദീപിക മുഖപ്രസംഗം

‘ഹിന്ദുത്വ രാഷ്ട്രീയത്തിൽ ന്യൂനപക്ഷങ്ങൾ ആശങ്കയിൽ’; പള്ളിയിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് ദീപിക മുഖപ്രസംഗം

കൊച്ചി: രാജ്യത്തെ മതന്യൂനപക്ഷങ്ങൾ നേരിടുന്ന ആശങ്കകളും മതപരിവർത്തന നിരോധന നിയമങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളും ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനും ഹിന്ദുത്വ രാഷ്ട്രീയത്തിനുമെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപിക. മുംബൈയിൽ പ്രാർഥനയ്ക്കെത്തുന്നവരിൽ നിന്ന് ‘സ്വമേധയാ എത്തിയതാണ്’ എന്ന തരത്തിലുള്ള സമ്മതപത്രം പള്ളി അധികൃതർ വാങ്ങിവെക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് മുഖപ്രസംഗം.

മതേതര ഭരണഘടന നിലനിൽക്കുന്ന രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയവും ശക്തിപ്പെട്ടുവരികയാണെന്നും ഇത് ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നുവെന്നും മുഖപ്രസംഗം ആരോപിക്കുന്നു. പള്ളികളിലേക്ക് ഏത് സമയത്തും അതിക്രമിച്ചു കയറാൻ സാധ്യതയുള്ള സംഘങ്ങളെ ഭയന്നാണ് ന്യൂനപക്ഷങ്ങൾ കഴിയുന്നതെന്നും അതിനാൽ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും ദീപിക അഭിപ്രായപ്പെടുന്നു.

മഹാരാഷ്ട്രയിൽ പ്രാബല്യത്തിൽ വന്ന മതപരിവർത്തന നിരോധന നിയമവും ക്രൈസ്തവ സമൂഹത്തിൽ ആശങ്ക സൃഷ്ടിക്കുന്നതായി മുഖപ്രസംഗം പറയുന്നു. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പുതന്നെ കേസെടുത്ത പൂനെ സിറ്റി പൊലീസിന്റെ നടപടിയും ഇതിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ പൊലീസ് സംവിധാനത്തിന്റെ സമീപനത്തെയും മുഖപ്രസംഗം വിമർശിക്കുന്നു.

ഗോവയിലും സമാനമായ നിയമം നിയമസഭയിൽ അവതരിപ്പിക്കാനുള്ള നീക്കത്തെയും ദീപിക വിമർശിക്കുന്നു. മിശ്രവിവാഹം അസാധുവാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉൾപ്പെടെയുള്ള നിർദേശങ്ങൾ നിയമത്തിലുണ്ടെന്നും, ‘ഘർവാപസി’യിലൂടെ ഹിന്ദുമതത്തിലേക്കുള്ള മാറ്റം കുറ്റകരമാക്കാത്ത സമീപനമാണ് ഇതിലുള്ളതെന്നും മുഖപ്രസംഗം ആരോപിക്കുന്നു.

വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎയുടെ പ്രയോഗത്തെയും മുഖപ്രസംഗം പരാമർശിക്കുന്നു. സർക്കാരിന് ചില സംഘടനകളെ വിദേശ സംഭാവന സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കാനോ നിയന്ത്രിക്കാനോ കഴിയുന്ന സാഹചര്യം ചൂണ്ടിക്കാട്ടി, ‘ഘർവാപസി’ക്ക് സമാനമായി ‘ഘർ എഫ്‌സിആർഎ’ എന്ന പ്രയോഗവും ദീപിക ഉപയോഗിക്കുന്നു.

ന്യൂനപക്ഷങ്ങളുടെ പൗരത്വവും സുരക്ഷയും സംബന്ധിച്ച ചോദ്യങ്ങളും മുംബൈയിലെ പള്ളികളിൽ സമ്മതപത്രം വാങ്ങേണ്ടിവരുന്ന സാഹചര്യവും ഉയർത്തിക്കാട്ടുന്നു. സന്യസ്ത വേഷത്തിൽ ക്രൈസ്തവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും ക്രിസ്മസ്, ഈസ്റ്റർ തുടങ്ങിയ ആഘോഷങ്ങൾ നടത്താനും പോലും ഭയം നേരിടേണ്ട സാഹചര്യമുണ്ടെന്നാണ് മുഖപ്രസംഗത്തിലെ മറ്റൊരു ആരോപണം.

അതേസമയം സാമൂഹിക മാധ്യമങ്ങളിലൂടെയും വിവിധ സംഘടനകളിലൂടെയും നടക്കുന്ന മുസ്‌ലിം വിരുദ്ധവും ക്രൈസ്തവ വിരുദ്ധവുമായ വിദ്വേഷ പ്രചാരണങ്ങളെയും മുഖപ്രസംഗം വിമർശിക്കുന്നു. കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ രാഷ്ട്രീയത്തിന് പിന്തുണ നൽകുന്ന ചില ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും ദീപിക ആരോപിക്കുന്നു.

വിദേശ രാജ്യങ്ങളിലെ ക്രൈസ്തവ പീഡനങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുന്നവർ രാജ്യത്തിനുള്ളിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുമ്പോൾ മൗനം പാലിക്കുകയോ അതിനെ ന്യായീകരിക്കുകയോ ചെയ്യുന്നുവെന്ന വിമർശനവും മുഖപ്രസംഗം ഉന്നയിക്കുന്നു.

ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള വിദ്വേഷവും വിവേചനവും ഫാസിസത്തിന്റെ ലക്ഷണങ്ങളാണെന്ന വിലയിരുത്തലോടെയാണ് ദീപികയുടെ മുഖപ്രസംഗം അവസാനിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.