വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലെ മ്യൂസിയത്തിൽ നിന്ന് ഈജിപ്ഷ്യൻ രാജകുടുംബാംഗത്തിന്റേതായിരുന്ന ചരിത്രപ്രസിദ്ധമായ വജ്രമാല കവർന്നു. മ്യൂസിയം ഓഫ് അപ്ലൈഡ് ആർട്സിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ 673 വജ്രങ്ങളും 200 കാരറ്റ് പ്ലാറ്റിനവും പതിച്ച അപൂർവ്വ നെക്ലെയ്സാണ് നഷ്ടപ്പെട്ടത്.
ആഗസ്റ്റ് 27-ന് ഉച്ചയ്ക്ക് മ്യൂസിയം പ്രവർത്തിക്കുന്ന സമയത്താണ് കവർച്ച അരങ്ങേറിയത്. ടിക്കറ്റെടുത്ത് സാധാരണ സന്ദർശകരെപ്പോലെ അകത്തുപ്രവേശിച്ച മുഖംമൂടി ധരിക്കാത്ത രണ്ട് മോഷ്ടാക്കൾ, പ്രദർശന വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗ്ലാസ് കേസ് ചുറ്റികകൊണ്ട് തകർത്ത് മാലയുമായി അതിവിദഗ്ധമായി കടന്നുകളയുകയായിരുന്നു.
ജീവനക്കാരെയും മറ്റ് സന്ദർശകരെയും ആശങ്കയിലാഴ്ത്തിയ ഈ സംഭവത്തിൽ മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസ് നഗരത്തിലുടനീളം തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇതൊരു പ്രൊഫഷണൽ ക്രിമിനൽ സംഘത്തിന്റെ 'കോൺട്രാക്ട് ജോബ്' ആയിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രശസ്ത ഫ്രഞ്ച് ജ്വല്ലറി ബ്രാൻഡായ 'വാൻ ക്ലീഫ് ആൻഡ് ആർപെൽസ്' നിർമ്മിച്ച 300-ലധികം ആഭരണങ്ങളുടെ പ്രദർശനം നടക്കുന്നതിനിടയിലാണ് ഈ സുപ്രധാന മോഷണം. ഈജിപ്തിലെ നാസ്ലി രാജ്ഞി ഉപയോഗിച്ചിരുന്നതാണ് ഈ നെക്ലെയ്സ്.
1939-ൽ അവരുടെ മകൾ ഫൗസിയയുടെയും ഇറാൻ കിരീടാവകാശിയായിരുന്ന മുഹമ്മദ് റെസ പഹ്‌ലവിയുടെയും വിവാഹവേളയിൽ രാജ്ഞി അണിഞ്ഞ ഈ മാല, പിന്നീട് 2015 ൽ ന്യൂയോർക്കിലെ സോത്ബീസ് ലേലം വഴിയാണ് വിറ്റുപോയത്. മോഷണത്തെ തുടർന്ന് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി മ്യൂസിയത്തിലെ ഈ പ്രദർശനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.