മംഗള എക്‌സ്പ്രസില്‍ ഭക്ഷ്യവിഷബാധ: തൃശൂരില്‍ നിന്നുള്ള 50 ഓളം വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; അടിയന്തര വൈദ്യസഹായം നല്‍കി

മംഗള എക്‌സ്പ്രസില്‍ ഭക്ഷ്യവിഷബാധ: തൃശൂരില്‍ നിന്നുള്ള 50 ഓളം വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; അടിയന്തര വൈദ്യസഹായം നല്‍കി

തൃശൂര്‍: ഡല്‍ഹിയില്‍ നിന്ന് പഠനയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് ട്രെയിനില്‍വച്ച് ഭക്ഷ്യവിഷബാധയേറ്റു. ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിലെ 80 അംഗ സ്‌കൂള്‍ സംഘത്തിലെ 50 ഓളം കുട്ടികള്‍ക്കാണ് ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടത്. 15 നും 18 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.

യാത്രയിലുടനീളം ട്രെയിനിലെ പാന്‍ട്രി കാറില്‍ നിന്ന് നല്‍കിയ ഭക്ഷണമാണ് വിദ്യാര്‍ഥികള്‍ കഴിച്ചിരുന്നത്. കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങിയ ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന അധ്യാപകരും സ്‌കൂള്‍ അധികൃതരും വിവരം റെയില്‍വേ ജീവനക്കാരെയും ഹെല്‍പ്പ് ലൈനെയും അറിയിക്കുകയായിരുന്നു.



വിവരമറിഞ്ഞതിനെ തുടര്‍ന്ന് മധ്യ പ്രദേശിലെ ഖണ്ട്വ ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ അധികൃതരും ആരോഗ്യ വകുപ്പും ചേര്‍ന്ന് അടിയന്തര മെഡിക്കല്‍ ടീമിനെ സജ്ജമാക്കി. വെള്ളിയാഴ്ച രാത്രി 9:30 ഓടെ ട്രെയിന്‍ ഖണ്ട്വയിലെ അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയപ്പോള്‍ത്തന്നെ ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ഒ.പി ജുഗ്താവത്, സിവില്‍ സര്‍ജന്‍ ഡോ. അനിരുദ്ധ കൗശല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി.

വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. ചികിത്സ ലഭ്യമാക്കാനായി 40 മിനിറ്റ് വൈകിയാണ് ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടത്. മുന്‍കരുതലെന്ന നിലയില്‍ ഭുസാവല്‍ സ്റ്റേഷന്‍ വരെ റെയില്‍വേയുടെ പ്രത്യേക മെഡിക്കല്‍ ടീം വിദ്യാര്‍ഥികളെ ട്രെയിനില്‍ അനുഗമിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.