പനാജി: എതിര്‍പ്പ് ശക്തമായതോടെ വിവാദ മതപരിവര്‍ത്തന നിരോധന ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള നീക്കം ഗോവയിലെ ബിജെപി സര്‍ക്കാര്‍ ഉപേക്ഷിച്ചു.
ഭരണപക്ഷത്തു തന്നെയുള്ള എംഎല്‍എമാരില്‍ നിന്ന് കടുത്ത എതിര്‍പ്പ് ഉണ്ടായ സാഹചര്യത്തിലാണ് നടപ്പുവര്‍ഷത്തെ മണ്‍സൂണ്‍ സമ്മേളനത്തിന്റെ അജണ്ടയില്‍ നിന്ന് ബില്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിര്‍ബന്ധിതനായത്. ബില്ലിനെതിരെ ഗോവയിലെ കത്തോലിക്ക സഭയും പ്രതിപക്ഷവും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയിരുന്നത്.
നിയമസഭാ സമ്മേളനത്തിന്റെ ഒന്നാം ദിനം ബില്‍ സഭയില്‍ അവതരിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സഭാ നടപടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ബിജെപിയിലെ ക്രിസ്ത്യന്‍ എംഎല്‍എമാരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര അംഗങ്ങളും ശക്തമായ വിയോജിപ്പ് അറിയിച്ചു.
തുടര്‍ന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ക്രിസ്ത്യന്‍ എംഎല്‍എമാരുമായി അടിയന്തര യോഗം ചേരുകയും ബില്‍ അവതരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് മന്ത്രിസഭ ഈ ബില്ലിന് അംഗീകാരം നല്‍കിയത്. എന്നാല്‍ ബില്‍ സഭയില്‍ എത്തിക്കുന്നതിന് മുന്‍പ് ആവശ്യമായ പഠനങ്ങളോ കൂടിയാലോചനകളോ നടന്നിട്ടില്ലെന്ന് ഭരണപക്ഷ എംഎല്‍എമാര്‍ കുറ്റപ്പെടുത്തി.
'മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കിയത് ധൃതിപിടിച്ചുള്ള തീരുമാനമായിരുന്നു. ബില്ലിലെ വ്യവസ്ഥകള്‍ വിശദമായി പഠിക്കേണ്ടതുണ്ട്. എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കണം. എല്ലാവരുടെയും മതവിശ്വാസം പ്രധാനപ്പെട്ടതാണ്. കാര്യങ്ങള്‍ തെറ്റായ ദിശയിലാണ് പോകുന്നത്. ഗോവയ്ക്ക് നല്ലതായ കാര്യങ്ങള്‍ മാത്രം മതി. അതും കൃത്യമായ പഠനങ്ങള്‍ക്ക് ശേഷം'- ബിജെപി എംഎല്‍എ ആയ മൈക്കല്‍ ലോബോ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.