കെജ്‌രിവാള്‍ ടീം എന്ന് ആരോപണം; സിജെപി പിളര്‍ത്തി വിമതര്‍ 'സിജെപി-ഡെമോക്രാറ്റിക്' പ്രഖ്യാപിച്ചു

കെജ്‌രിവാള്‍ ടീം എന്ന് ആരോപണം; സിജെപി പിളര്‍ത്തി വിമതര്‍ 'സിജെപി-ഡെമോക്രാറ്റിക്' പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: വിദ്യാര്‍ഥി-യുവജന പ്രക്ഷോഭങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിജീത് ദിപ്‌കേ നേതൃത്വം നല്‍കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയില്‍ ആദ്യ പിളര്‍പ്പ്. മുന്‍ വൊളന്റിയറായ മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തിലാണ് വിമതര്‍ കോക്രോച്ച് ജനതാ പാര്‍ട്ടി-ഡെമോക്രാറ്റിക് (സിജെപി-ഡി) എന്ന പേരില്‍ പുതിയ പ്രസ്ഥാനം രൂപീകരിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെയാണ് ഗുജറാത്ത് സ്വദേശിയായ മനീഷ് ബ്രഹ്മഭട്ട് പുതിയ സംഘടനാ പ്രഖ്യാപനം നടത്തിയത്.

യുവജനങ്ങളുടെ വികാരങ്ങള്‍ മുന്‍നിര്‍ത്തി രൂപീകരിച്ച പ്രസ്ഥാനത്തെ ദിപ്‌കേ തനിക്കിഷ്ടമുള്ള ആളുകളെ മാത്രം ഉള്‍പ്പെടുത്തി കെജ്‌രിവാള്‍ ടീം ആക്കി മാറ്റിയെന്ന് ബ്രഹ്മഭട്ട് കുറ്റപ്പെടുത്തി. ദേശീയ വര്‍ക്കിങ് കമ്മിറ്റി പ്രഖ്യാപിച്ചപ്പോള്‍ ജന്തര്‍ മന്ദിര്‍ പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്ത സാധാരണക്കാരായ വിദ്യാര്‍ഥികളെയോ സമരം ചെയ്ത വിഭാഗങ്ങളെയോ ബോധപൂര്‍വം ഒഴിവാക്കിയെന്നാണ് വിമതരുടെ ആരോപണം. ദേശീയ നേതൃത്വത്തില്‍ മുന്‍പ് ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച സ്വന്തക്കാര്‍ക്ക് മാത്രം മുന്‍ഗണന നല്‍കിയെന്നും ദിപ്‌കേ ആരോടും കൂടിയാലോചന നടത്താതെ ഏകപക്ഷീയമായാണ് തീരുമാനങ്ങളെടുത്തതെന്നും ബ്രഹ്മഭട്ട് വ്യക്തമാക്കി.

വിദ്യാര്‍ഥികളോ സാധാരണക്കാരോ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്കായി പോരാടുന്നതിന് പകരം കെജ്‌രിവാളിന്റെ നിര്‍ദേശ പ്രകാരം ബിജെപിയെ മാത്രം എതിര്‍ക്കാനാണ് നിലവിലെ സിജെപി നേതൃത്വത്തിന് താല്‍പര്യമെന്ന് പുതിയ സംഘടന ആരോപിക്കുന്നു. ഡല്‍ഹിയില്‍ നടന്ന വൊളന്റിയര്‍മാരുടെ യോഗത്തില്‍ പങ്കെടുത്തവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവെച്ചത് അടക്കമുള്ള നടപടികള്‍ അത്യന്തം ജനാധിപത്യ വിരുദ്ധമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഭരിക്കുന്ന പാര്‍ട്ടികള്‍ ഏതായാലും അഴിമതിക്കെതിരെയും തകരാറിലായ വ്യവസ്ഥിതിക്കെതിരെയും വിട്ടുവീഴ്ചയില്ലാതെ പോരാടാനാണ് സിജെപി-ഡെമോക്രാറ്റിക് പ്രവര്‍ത്തിക്കുകയെന്നും അതിനായി ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയും മിസ്ഡ് കോള്‍ സൗകര്യത്തിലൂടെയും രാജ്യ വ്യാപകമായി അംഗങ്ങളെ ചേര്‍ക്കുമെന്നും ബ്രഹ്മഭട്ട് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.