മ്യാന്‍മര്‍ വിമാന ആക്രമണം: പിടിയിലായ അമേരിക്കന്‍ പൗരനും ഉക്രെയ്ന്‍ സംഘത്തിനും ബന്ധം; ഇന്ത്യയിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി എന്‍ഐഎ

മ്യാന്‍മര്‍ വിമാന ആക്രമണം: പിടിയിലായ അമേരിക്കന്‍ പൗരനും ഉക്രെയ്ന്‍ സംഘത്തിനും ബന്ധം; ഇന്ത്യയിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി എന്‍ഐഎ

ന്യൂഡല്‍ഹി: അയല്‍ രാജ്യമായ മ്യാന്‍മറില്‍ യാത്രാവിമാനത്തിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തിലും ഇന്ത്യ കേന്ദ്രീകരിച്ച് പദ്ധതിയിട്ട ഭീകരപ്രവര്‍ത്തനങ്ങളിലും അമേരിക്കന്‍ പൗരനും ഉക്രെയ്ന്‍ സ്വദേശികളും ഉള്‍പ്പെട്ടതായി ദേശീയ അന്വേഷണ ഏജന്‍സി. കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യ-മിസോറം അതിര്‍ത്തി വഴി അനധികൃതമായി കടക്കാന്‍ ശ്രമിക്കവേ പിടിയിലായ സംഘത്തിനെതിരെ ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് എന്‍ഐഎ ഈ നിര്‍ണായക വിവരം സമര്‍പ്പിച്ചത്.

നിലവില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന കേസിലെ പ്രധാന പ്രതികളായ അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്, ഉക്രെയ്ന്‍ സ്വദേശി കമിന്‍സ്‌കി വിക്ടര്‍ എന്നിവരെ ജയിലില്‍ വെച്ച് ചോദ്യം ചെയ്യാന്‍ പ്രത്യേക കോടതി എന്‍ഐഎയ്ക്ക് അനുമതി നല്‍കി. കേസിന്റെ അന്വേഷണത്തില്‍ കോടതികള്‍ സാധാരണ ഇടപെടാറില്ലെന്നും ചോദ്യം ചെയ്യല്‍ അന്വേഷണത്തിന്റെ സ്വാഭാവിക ഘട്ടമാണെന്നും കോടതി വ്യക്തമാക്കി.

അതിര്‍ത്തി കടന്നുള്ള ഡ്രോണ്‍ പരിശീലനവും ഗൂഢാലോചനയും

വിവിധ തിയതികളിലായി ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ 14 ഉക്രെയ്ന്‍ പൗരന്മാര്‍ ഗുവാഹത്തി വഴി ആവശ്യമായ അനുമതി പത്രങ്ങളില്ലാതെയാണ് മിസോറമിലെത്തിയതെന്ന് എന്‍ഐഎ കണ്ടെത്തുകയുണ്ടായി. അവിടെ നിന്ന് അനധികൃതമായി മ്യാന്‍മറിലേക്ക് കടന്ന ഇവര്‍, സൈനിക ഭരണകൂടത്തിനെതിരെ പോരാടുന്ന പ്രാദേശിക ഗോത്ര വര്‍ഗ സായുധ സംഘങ്ങള്‍ക്ക് ഡ്രോണ്‍ ആക്രമണത്തിലും വിദ്യകളിലും വിദഗ്ധ പരിശീലനം നല്‍കുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 20 ന് മ്യാന്‍മര്‍ നാഷണല്‍ എയര്‍ലൈന്‍സിന്റെ യാത്രാ വിമാനത്തിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഈ സംഘത്തിന്റെ നേരിട്ടുള്ള പങ്കാളിത്തം വ്യക്തമാക്കുന്ന വിശ്വസനീയമായ തെളിവുകള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍ എന്നിവയില്‍ നിന്ന് വീണ്ടെടുത്ത ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവ കേസില്‍ നിര്‍ണായക തെളിവുകളായി മാറി. ഈ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചതിലൂടെയാണ് ഇന്ത്യയിലും ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നെന്ന വിവരങ്ങള്‍ പുറത്തുവന്നത്.

പ്രതികളെ നേരിട്ട് ചോദ്യം ചെയ്യുന്നതോടെ ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.