മൂന്നാറിനെ വിറപ്പിച്ച് കാട്ടാന ഭീതി: കന്നിമലയില്‍ തോട്ടം തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ജനവാസ മേഖലകളില്‍ വന്യജീവി ശല്യം രൂക്ഷം

മൂന്നാറിനെ വിറപ്പിച്ച് കാട്ടാന ഭീതി: കന്നിമലയില്‍ തോട്ടം തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ജനവാസ മേഖലകളില്‍ വന്യജീവി ശല്യം രൂക്ഷം

ഇടുക്കി: മൂന്നാര്‍ മേഖലയില്‍ കാട്ടാനഭീതി അവസാനിക്കുന്നില്ല. മൂന്നാര്‍ കന്നിമല എസ്റ്റേറ്റ് ലോവര്‍ ഡിവിഷനില്‍ തോട്ടം തൊഴിലാളിക്ക് നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു. ലയത്തിന് പുറത്ത് നില്‍ക്കുകയായിരുന്ന പാണ്ഡിരാജ് എന്ന തൊഴിലാളിയാണ് കാട്ടാനകളുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച പകല്‍ സമയത്തായിരുന്നു നടുക്കുന്ന സംഭവം. ലയത്തിന് സമീപത്ത് നില്‍ക്കുകയായിരുന്ന പാണ്ഡിരാജിന് നേരെ രണ്ട് കാട്ടാനകള്‍ പെട്ടെന്ന് പാഞ്ഞടുക്കുകയായിരുന്നു. ആന വരുന്നത് കണ്ട് ഓടി രക്ഷപ്പെടാന്‍ പാണ്ഡിരാജിന് കഴിഞ്ഞതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ഓടിയെത്തിയ കാട്ടാനകളില്‍ നിന്ന് തലനാരിഴയ്ക്കാണ് ഇയാള്‍ രക്ഷപ്പെട്ടത്. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മൂന്നാറിലും പരിസര പ്രദേശങ്ങളിലും രൂക്ഷമാകുന്ന വന്യജീവി ആക്രമണം


മൂന്നാറിലും ദേവികുളം, ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലും കാട്ടാന ശല്യം നിത്യസംഭവമായി മാറിയിരിക്കുകയാണ്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും സമീപം നിരന്തരം വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് പ്രദേശവാസികളുടെ ജീവിതം ഭീതിയിലാഴ്ത്തുന്നു. മുന്‍പും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേ കന്നിമല എസ്റ്റേറ്റ് ടോപ്പ് ഡിവിഷനില്‍ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാന ആക്രമണമുണ്ടാകുകയും ഡ്രൈവര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവം വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ചക്കക്കൊമ്പന്‍, പടയപ്പ തുടങ്ങിയ കാട്ടാനകള്‍ സ്ഥിരമായി ജനവാസ മേഖലയിലിറങ്ങി കടകളും വാഹങ്ങളും തകര്‍ക്കുന്നത് പതിവാണ്. പന്നിയാറിലും ഗണ്ടുമലയിലും തോട്ടം തൊഴിലാളികള്‍ക്ക് നേരെ കാട്ടാന ആക്രമണങ്ങള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചിന്നാര്‍ ദേശീയപാതയിലും മൂന്നാര്‍-ഉടുമലപ്പേട്ട റോഡിലും രാത്രി കാലങ്ങളിലും പുലര്‍ച്ചെയും കാട്ടാനകള്‍ നിലയുറപ്പിക്കുന്നത് യാത്രക്കാരുടെ ജീവനും ഭീഷണിയാകുന്നുണ്ട്.


തോട്ടം തൊഴിലാളികളുടെയും ജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ വനംവകുപ്പിന്റെയും ആര്‍ആര്‍ടിയുടെയും ഭാഗത്ത് നിന്ന് കാര്യക്ഷമമായ ഇടപെടല്‍ വേണമെന്നാണ് പ്രാദേശിക നിവാസികളുടെ ശക്തമായ ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.