കരുവന്നൂര്‍ തട്ടിപ്പ്: ഇ.ഡി കണ്ടുകെട്ടിയ 300 കോടിയുടെ സ്വത്ത് ഏറ്റെടുക്കാന്‍ മടിച്ച് ബാങ്ക് ഭരണസമിതി; പ്രതിസന്ധിയില്‍ നിക്ഷേപകര്‍

കരുവന്നൂര്‍ തട്ടിപ്പ്: ഇ.ഡി കണ്ടുകെട്ടിയ 300 കോടിയുടെ സ്വത്ത് ഏറ്റെടുക്കാന്‍ മടിച്ച് ബാങ്ക് ഭരണസമിതി; പ്രതിസന്ധിയില്‍ നിക്ഷേപകര്‍

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ 128 കോടി രൂപയുടെ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ബാങ്ക് ഭരണസമിതി വിമുഖത കാണിക്കുന്നതായി റിപ്പോര്‍ട്ട്. കണ്ടുകെട്ടിയ സ്വത്തുക്കള്‍ ബാങ്കിന് കൈമാറാന്‍ രണ്ട് വര്‍ഷം മുന്‍പ് തന്നെ ഇ.ഡി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഏറ്റെടുക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായിട്ടില്ല. ഈടുവെച്ച ആധാരങ്ങളിലെ മൂല്യം അനുസരിച്ച് ഈ സ്വത്തുക്കളുടെ നിലവിലെ വിപണിമൂല്യം 300 കോടി രൂപയ്ക്ക് മുകളില്‍ വരും. സ്വത്ത് ഏറ്റെടുത്ത് ലേലം ചെയ്ത് നല്‍കിയാല്‍ പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ പ്രതിസന്ധിക്ക് പരിഹാരമാകുമെങ്കിലും ഭരണസമിതി ഇതിന് മുതിരുന്നില്ല.

ഇ.ഡി കണ്ടുകെട്ടിയ വസ്തുവകകളില്‍ സി.പി.എമ്മിന്റെ ഭൂസ്വത്തുക്കള്‍ കൂടി ഉള്‍പ്പെട്ടതാണ് ബാങ്കിന്റെ പിന്‍മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് സൂചന. നിലവില്‍ സി.പി.എമ്മിന് മുന്‍തൂക്കമുള്ള ജനകീയ ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. കേസില്‍ ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രത്തിലെ 83 പ്രതികളില്‍ സി.പി.എം പാര്‍ട്ടിയും പ്രമുഖ നേതാക്കളും ഉള്‍പ്പെടുന്നുണ്ട്.

2024 ല്‍ പണം നഷ്ടപ്പെട്ട പതിനഞ്ചോളം നിക്ഷേപകര്‍ എറണാകുളം പി.എം.എല്‍.എ കോടതിയെ സമീപിച്ചപ്പോള്‍, തുക കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിയമപരമായി ബാങ്കാണ് തട്ടിപ്പിന്റെ ഇര എന്നതിനാല്‍ നിക്ഷേപകര്‍ക്ക് നേരിട്ട് പണം നല്‍കാനാകില്ലെന്നും, ബാങ്കിന് മാത്രമേ സ്വത്ത് കൈമാറാന്‍ സാധിക്കൂ എന്നും ഇ.ഡി അറിയിച്ചു. എന്നാല്‍ കോടതി വഴി സ്വത്ത് ഏറ്റെടുക്കുന്നതിനായി ഹര്‍ജി നല്‍കാന്‍ ബാങ്ക് ഭരണസമിതി തയ്യാറായില്ല.

കണ്ടുകെട്ടിയ 128 കോടിയുടെ സ്വത്തില്‍ മൂന്ന് കോടി രൂപ മാത്രമാണ് കറന്‍സിയായുള്ളതെന്നും ബാക്കി സ്വര്‍ണവും ഭൂമിയുമാണെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. കണ്ടുകെട്ടലിനെതിരെ ഉടമകള്‍ കോടതിയെ സമീപിച്ചിട്ടുള്ളതിനാല്‍ അന്തിമ ഉത്തരവിന് മുന്‍പ് സ്വത്ത് ഏറ്റെടുത്താല്‍ ബാങ്കിന് വലിയ ബാധ്യതയാകും. കൂടാതെ ഇ.ഡി പിടിച്ചെടുത്ത 300 കോടി രൂപയുടെ ആധാരങ്ങള്‍ തിരികെ ലഭിച്ചാല്‍ മാത്രമേ പ്രതിസന്ധി പൂര്‍ണമായി പരിഹരിക്കാനാകൂ എന്നും ബാങ്ക് വ്യക്തമാക്കുന്നു.

അതേസമയം ബാങ്ക് പി.എം.എല്‍.എ കോടതിയെ സമീപിച്ചാല്‍ ആധാരങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ഇ.ഡി അധികൃതര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.