നേപ്പാള്‍ മിന്നല്‍ പ്രളയം: വിദേശത്ത് സ്ഥിരതാമസമാക്കിയ ആറ് മലയാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം; സുനന്ദയെ കണ്ടെത്താന്‍ മക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയം: വിദേശത്ത് സ്ഥിരതാമസമാക്കിയ ആറ് മലയാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം; സുനന്ദയെ കണ്ടെത്താന്‍ മക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു

കാഠ്മണ്ഡു/തിരുവനന്തപുരം: നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ മലയാളി വേരുകളുള്ള ആറ് പേര്‍ക്കായി തിരച്ചില്‍ ശക്തമാക്കി. പ്രളയത്തില്‍പ്പെട്ട് വിവരമൊന്നുമില്ലാത്ത കൊല്ലം സ്വദേശിനിയും യു.കെ പൗരത്വമുള്ളതുമായ സുനന്ദ മണിരാജനെ (67) തിരിച്ചറിയുന്നതിനായി മക്കളായ ഡോ. മീരയും ഡോ. സുമിയും ഡിഎന്‍എ സാമ്പിളുകള്‍ കൈമാറി. യു.കെയില്‍ സ്ഥിരതാമസമാക്കിയ കുടുംബം സുനന്ദയെ കണ്ടെത്തുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെയും അടിയന്തര സഹായം തേടിയിട്ടുണ്ട്.

കൈലാസ് മാനസസരോവര്‍ തീര്‍ഥാടനത്തിനായി കഴിഞ്ഞ മാസം 22 നാണ് സുനന്ദ ലണ്ടനില്‍ നിന്ന് നേപ്പാളിലെത്തിയത്. സുനന്ദ ഉള്‍പ്പെടുന്ന 16 അംഗ യാത്രാ സംഘവുമായി കഴിഞ്ഞ മാസം 25 ന് ശേഷമാണ് അവസാനമായി കുടുംബത്തിന് ബന്ധപ്പെടാന്‍ സാധിച്ചത്. ഈ സംഘത്തെക്കുറിച്ച് നിലവില്‍ യാതൊരു വിവരവുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ ആശയ വിനിമയം പൂര്‍ണമായി തടസപ്പെട്ട ആറ് പേരില്‍ നാല് പേര്‍ ഓസ്ട്രേലിയന്‍ പൗരന്മാരും ഒരാള്‍ ബ്രിട്ടിഷ് പൗരത്വമുള്ള സുനന്ദയും, ഒരാള്‍ അമേരിക്കന്‍ പൗരനായ കൃഷ്ണകുമാര്‍ രാഘവനുമാണ് (59). ഇവരെല്ലാവരും കേരളത്തില്‍ കുടുംബവേരുകളുള്ളവരാണ്. പ്രളയ സമയത്ത് ഇവര്‍ ചൈന-നേപ്പാള്‍ അതിര്‍ത്തി മേഖലയിലായിരുന്നുവെന്നാണ് വിവരം.
അതേസമയം നേപ്പാള്‍ പ്രളയത്തില്‍പ്പെട്ട് നോര്‍ക്ക റൂട്സ് ഹെല്‍പ് ഡെസ്‌കില്‍ രജിസ്റ്റര്‍ ചെയ്ത 44 മലയാളി തീര്‍ഥാടകര്‍ സുരക്ഷിതരായി നാട്ടില്‍ തിരിച്ചെത്തി. സുരക്ഷിത മേഖലയിലുള്ള മറ്റ് രണ്ട് പേരില്‍ ഒരാള്‍ വെള്ളിയാഴ്ചയോടെ നാട്ടിലെത്തും.

പ്രളയത്തില്‍ മരണപ്പെട്ട വിദേശികളുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായുള്ള ഔദ്യോഗിക നടപടികള്‍ നേപ്പാള്‍ ഭരണകൂടം ആരംഭിച്ചതായി കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. നേപ്പാള്‍ പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (nepalpolice.gov.np) ലഭ്യമാക്കിയിട്ടുള്ള ചിത്രങ്ങളും വിവരങ്ങളും പരിശോധിച്ച് ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ തിരിച്ചറിയാം. തിരിച്ചറിയുന്ന മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുന്നതിനും സ്വന്തം രാജ്യങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള നടപടികള്‍ക്ക് ഇന്ത്യന്‍ എംബസി പൂര്‍ണ ഏകോപനം ഉറപ്പ് നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.